വിബി ജി റാം ജി ബിൽ: പാർലമെന്‍റിന് മുന്നിൽ പ്രതിഷേധം തീർത്ത് ഇടത് എംപിമാർ
.
മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റാനുള്ള നീക്കത്തിനെതിരെ പാര്‍ലമെന്‍റില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി ഇടത് എംപിമാര്‍. വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ നോട്ടീസ് കൊടുത്തതിന് പിന്നാലെ ഇടത് എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചത്. അതേ സമയം കേരളത്തെ ഉള്‍പ്പെടെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ മൗനം പാലിക്കുന്ന യുഡിഎഫ് എംപിമാര്‍ പ്രതിഷേധത്തിന്റെ ഭാഗമായില്ല. പകരം ശബരിമല വിഷയത്തില്‍ പാര്‍ലമെന്റിന് പുറത്ത് പാരഡി പാട്ട് പാടാനാണ് അവർ സമയം കണ്ടെത്തിയത്.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും വിബി ജി റാം ജി എന്ന് മാറ്റുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുകളില്‍ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാവുക. കേരളത്തിന് മാത്രം ഏകദേശം 2000 കോടി രൂപയുടെ ബാധ്യതയാകും വരുക. ഇതിന് പുറമേ പുതിയ ബില്ലില്‍ മോദി സര്‍ക്കാര്‍ കൊണ്ട് വരുന്ന പല വ്യവസ്ഥകളും ഗ്രാമീണ മേഖലയിലെ തൊഴിലാളികളില്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്.

കോടിക്കണക്കിന് ആളുകളെ ബാധിക്കുന്ന വിഷയത്തില്‍ ശക്തമായ പ്രതിഷേധമാണ് ഇടതുപക്ഷം പാര്‍ലമെന്‍റില്‍ ഉയര്‍ത്തുന്നത്. ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇടത് എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധം നടത്തിയത്. ജനകീയ വിഷയങ്ങളില്‍ ഇടത്പക്ഷം ശക്തമായ പ്രതിഷേധം തീര്‍ക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരുടെ നിലപാട് കൂടി പരിശോധിക്കേണ്ടതാണ്.

കേരളത്തെ ഉള്‍പ്പെടെ ബാധിക്കുന്ന വലിയ പ്രശ്‌നമെന്നിരിക്കെ യുഡിഎഫ് എംപിമാര്‍ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നില്ല. ബില്‍ സഭയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞ ദിവസം മോദിസര്‍ക്കാര്‍ നീക്കം നടത്തിയപ്പോഴും യുഡിഎഫ് എംപിമാര്‍ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നത്തിന് പകരം ശബരിമല വിഷയത്തില്‍ പാര്‍ലമെന്റിന് പുറത്ത് പാരഡി പാട്ട് പാടാനായിരുന്നു സമയം കണ്ടെത്തിയത്.



