KOYILANDY DIARY.COM

The Perfect News Portal

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വലം കൈ, ബലാത്സംഗക്കേസിലെ കൂട്ടുപ്രതി; ഫെന്നി നൈനാന്‍ തോറ്റു

.

അടൂര്‍: അടൂര്‍ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഫെന്നി നൈനാന്‍ പരാജയപ്പെട്ടു. പോത്രാട് എട്ടാം വാര്‍ഡില്‍ മത്സരിച്ച ഫെന്നി നൈനാനെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് പരാജയപ്പെടുത്തിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസില്‍ കൂട്ടുപ്രതിയായി ഫെന്നി നൈനാന്റെ പേരും ചേര്‍ത്തിരുന്നു. രാഹുലിന്റെ വലംകൈയ്യായാണ് ഫെന്നി നൈനാന്‍ അറിയപ്പെടുന്നത്.

 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി നല്‍കിയ പരാതിയില്‍ ഫെന്നി നൈനാന്റെ പേരും ഉണ്ടായിരുന്നു. ഹോം സ്‌റ്റേ പോലൊരു കെട്ടിടത്തിലേക്ക് തന്നെ എത്തിച്ചതും തിരികെ കൊണ്ടുപോയതും ഫെന്നി നൈനാന്‍ ആണെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. പരാതി വ്യാജമാണെന്നായിരുന്നു ഫെന്നി ഇതിനോട് പ്രതികരിച്ചത്. പരാതിയിലെ ആരോപണങ്ങള്‍ തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം രാജിവെക്കാന്‍ തയ്യാറാണെന്നും ഫെന്നി നേരത്തെ വെല്ലുവിളിച്ചിരുന്നു.

Advertisements

 

അന്വേഷണത്തിന്റെ ഭാഗമായി ഫെന്നിയുടെ വീട്ടില്‍ പൊലീസ് സംഘം എത്തിയിരുന്നു. പൊലീസ് വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയാണെന്നായിരുന്നു ഇതേ കുറിച്ച് ഫെന്നി പിന്നീട് പ്രതികരിച്ചത്. അതേസമയം, പരാതികളുയര്‍ന്നതിന് പിന്നാലെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തിലിന് ആവശ്യമായ സഹായങ്ങള്‍ നല്‍കിയവരില്‍ ഫെന്നിയും ഉണ്ടോ എന്ന് സംശയിക്കുന്നുണ്ട്.

ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ ഫെന്നി നെെനാന്‍ പരാജയം നേരിട്ടതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ യുഡിഎഫിന് തിരിച്ചടിയാകുന്നുണ്ട് എന്ന് വിലയിരുത്തലുകള്‍ വരുന്നുണ്ട്. അതേസമയം, 14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാര്‍ഡുകള്‍, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 നഗരസഭകളിലെ 3,205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

 

ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.

Share news