നടിയെ ആക്രമിച്ച കേസ്: പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; കോടതി നടപടികൾ തുടരുന്നു
.
നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരായി കോടതി കണ്ടെത്തിയ പൾസർ സുനിയടക്കമുള്ളവർക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം ലഭിക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി അജകുമാർ. എട്ടാം പ്രതിക്കും എതിരെ ശക്തമായ തെളിവുകൾ ഹാജരാക്കി എന്നാണ് പ്രോസിക്യൂസിന്‍റെ വിശ്വാസമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എട്ടാംപ്രതി കുറ്റവിമുക്തമാക്കപ്പെട്ടത് എന്തുകൊണ്ടെന്ന് വിധിന്യായം പരിശോധിച്ച് മനസ്സിലാക്കും.

തെളിവുകളുടെ അപാകത പരിശോധിക്കും. അപ്പീൽ പോകുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രിൻസിപ്പൽ സെഷൻസ് കോടതി നടപടികൾ ആരംഭിച്ചിട്ടുണ്ട്. നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് വിവരങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്താൽ മാധ്യമങ്ങൾ കർശന നടപടി നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. അനാവശ്യമായി കോടതി നടപടികളെ ബുദ്ധിമുട്ടിച്ചാല്‍ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നും ജഡ്ജി വ്യക്തമാക്കി.

പ്രതികൾക്ക് പറയാനുള്ളതും കോടതി കേട്ടു. വീട്ടിൽ അമ്മ മാത്രമെ ഉള്ളൂ എന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് പൾസർ സുനി കോടതിയിൽ പറഞ്ഞത്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മാർട്ടിനും ഭാര്യയും 2 ചെറിയ കുട്ടികളുമുണ്ടെന്ന വാദം മണികണ്ഠനും മുന്നോട്ട് വെച്ചു. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്ന് മാത്രമാണ് വിജീഷ് അഭ്യർത്ഥിച്ചത്.

പ്രതികൾക്ക് പറയാനുള്ളത് കോടതി കേട്ട ശേഷമാണ് പ്രോസിക്യൂഷൻ വാദം തുടങ്ങിയത്. ഒന്നാംപ്രതിയാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതെന്നും രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ സഹായിക്കുകയായിരുന്നു എന്നും പറഞ്ഞ കോടതി മറ്റ് പ്രതികള്‍ക്കും സമാന ശിക്ഷ നല്‍കാനാകുമോ എന്ന് പ്രോസിക്യൂഷനോട് ചോദ്യമുന്നിച്ചു. 376(D) എന്നത് കൂട്ട ബലാത്സംഗക്കുറ്റമാണ്; അതിൽ ഓരോരുത്തരും ബലാത്സംഗം ചെയ്തിട്ടില്ലെങ്കിലും പങ്കെടുത്ത എല്ലാവരും ഒരേ ശിക്ഷയ്ക്ക് അർഹരാണെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. ആർക്കും ശിക്ഷായിളവിന് അർഹതയില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.



