തീർത്ഥാടകർക്ക് നവ്യാനുഭവമായി ശബരിമലയിലെ അയ്യപ്പ മാഹാത്മ്യം ആട്ടക്കഥ
.
ശബരിമലയിൽ തീർത്ഥാടകർക്ക് കൗതുകം ഉണർത്തി അയ്യപ്പന്റെ കഥ പറയുന്ന കഥകളി. കൊല്ലം മണ്ണൂർകാവ് കഥകളി കേന്ദ്രത്തിലെ കലാകാരന്മാരാണ് സന്നിധാനത്ത് കഥകളി അവതരിപ്പിച്ചത്. നടപ്പന്തലിന് ഓരത്തെ തിണ്ണയിൽ ഇരുന്ന് ചായം തേച്ചാണ് കഥകളി കലാകാരന്മാർ ആട്ടത്തിന് ഒരുക്കം തുടങ്ങുക. ഒരുക്കും മിനിക്കും കാണാൻ അപ്പോഴേക്കും ആളുകൾ കൂടി തുടങ്ങും.

ഏഴു വയസ്സുള്ള അദ്വൈത് മുതൽ 61 വയസുള്ള ബാലകൃഷ്ണൻ ആശാൻ വരെയുള്ള 30 ഓളം കലാകാരന്മാരാണ് സംഘത്തിൽ ഉള്ളത്. കഴിഞ്ഞ മൂന്നു വർഷങ്ങളായി സംഘം ശബരിമലയിലെത്തി കഥകളി അവതരിപ്പിക്കുന്നു.

അയ്യപ്പൻ പന്തളം കൊട്ടാരത്തിൽ എത്തിയത് മുതൽ പുലിപ്പല്ലിനായി കാട്ടിലേക്ക് പോകുന്നതും, ത്രിലോകങ്ങളെയും കീഴ്പ്പെടുത്തിയ മഹിഷിയെ നിഗ്രഹിക്കുന്നതും, ഒടുവിൽ ശബരിമലയിൽ കുടിയിരിക്കുന്നതു വരെയുള്ള രണ്ടര മണിക്കൂർ നീളുന്ന അയ്യപ്പ മാഹാത്മ്യം എന്ന ആട്ടക്കഥയാണ് അരങ്ങിൽ അവതരിപ്പിക്കുന്നത്. കേട്ടറിവ് മാത്രമുള്ള അയ്യപ്പകഥ കഥകളി രൂപത്തിൽ അരങ്ങിലേത്തിയപ്പോൾ കണ്ടുനിന്ന തീർത്ഥാടകർക്കും അത് കൗതുകമായി.




