നാരങ്ങാവെള്ളം കുടിക്കുന്നത് ശീലമാക്കാം: ഗുണങ്ങളേറെ
.
ഇനി ദിവസേന നാരങ്ങാവെള്ളം കുടിക്കുന്നത് ഒരു ശീലമാക്കാം. കാലറിയും പ്രിസർവേറ്റീവുകളും അടങ്ങിയ മധുര സോഡകൾക്ക് പകരം ദിവസത്തിൽ ഒരു തവണയെങ്കിലും നാരങ്ങാവെള്ളം കുടിക്കാം. ഗുണങ്ങൾ ഏറെയാണ്.

പോഷകക്കലവറ തന്നെയാണ് ഈ ഡ്രിങ്ക്. വിശപ്പും ദാഹവും എല്ലാം അകറ്റാൻ ഈ പാനീയത്തിനാകും. മാത്രമല്ല ആരോഗ്യവും സൗഖ്യവും പകരാനും നാരങ്ങാവെള്ളം സഹായിക്കും. വൈറ്റമിൻ സി യും ആന്റിഓക്സിഡന്റുകളും ധാരാളമടങ്ങിയ നാരങ്ങയിൽ ഫോളേറ്റ്, പൊട്ടാസ്യം, ബി വൈറ്റമിനുകളും ആവോളമുണ്ട്. ഊർജമേകുന്നതോടൊപ്പം തന്നെ ഇവയെല്ലാം ഫിറ്റ്നെസ് നിലനിർത്താനും സഹായിക്കും. നാരങ്ങാവെള്ളം കുടിച്ചാൽ ലഭിക്കുന്ന ചില ഗുണങ്ങൾ താഴെപ്പറയുന്നവയാണ്.

ആന്റി ഓക്സിഡന്റുകൾ

നാരങ്ങ പോലുള്ള സിട്രസ് പഴങ്ങളിൽ ആന്റി ഓക്സിഡന്റായ വൈറ്റമിന് സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരകോശങ്ങളെ ഫ്രീറാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. ശരീരത്തിൽ ഇൻഫ്ലമേഷൻ ഉണ്ടാക്കുകയും കാൻസർ, ടൈപ്പ് 2 പ്രമേഹം, വൃക്കത്തകരാർ, കരൾ രോഗങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകുകയും ചെയ്യുന്ന തന്മാത്രകളാണ് ഫ്രീറാഡിക്കലുകൾ. കൂടാതെ വൈറ്റമിൻ സി പ്രോട്ടീന്റെ ഉപാപചയ പ്രവർത്തനത്തിലും അരുണ രക്താണുക്കളുടെ ഉൽപാദനത്തിൽ അയണിന്റെ ആഗിരണത്തിനും ഹോർമോണുകളുടെ ഉൽപാദനത്തിനും പ്രധാന പങ്കുവഹിക്കുന്നു.
ശരീരഭാരം കുറയ്ക്കും
ശരീരത്തിലെ ജലാംശം കൂട്ടുന്നതുകൊണ്ടു തന്നെ ശരീരഭാരം കുറയാൻ സഹായിക്കും.
വൃക്കയിൽ കല്ല് വരാതെ തടയുന്നു
വൃക്കയിലെ കല്ലിന്റെ (kidney stone) രൂപീകരണം നാരങ്ങയിലടങ്ങിയ സിട്രിക് ആസിഡ് തടയുന്നു. സിട്രിക് ആസിഡിലെ ഒരു ഘടകമാണ് സിട്രേറ്റ്. ഇത് മൂത്രത്തിലെ അമ്ലഗുണം കുറക്കും. കൂടാതെ ചെറിയ കല്ലുകളെ ഇത് വിഘടിപ്പിക്കാനും സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് കുടിക്കുന്നത് വൃക്കയിൽ കല്ല് വരാതെ തടയും.
ദന്താരോഗ്യം മെച്ചപ്പെടുത്തും
പായ്ക്കറ്റിൽ ലഭ്യമായ മറ്റ് ജ്യൂസുകളിലും സോഡകളിലുമെല്ലാം ധാരാളംം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കുടിക്കുന്നത് പല്ലുകളുടെ ആരോഗ്യം നശിപ്പിക്കും. മറ്റ് അഡിറ്റീവുകൾ ഒന്നും അടങ്ങിയിട്ടില്ലാത്ത വളരെ നാച്വറൽ ആയ പാനീയമാണ് നാരങ്ങാവെള്ളം. ദാഹമകറ്റുന്നതിനോടൊപ്പം ഊർജമേകുകയും ദന്താരോഗ്യവും വായയുടെ ആരോഗ്യവും നിലനിർത്തുകയും ചെയ്യും.
ദഹനത്തിനും സഹായകം
ഭക്ഷണത്തിന് മുൻപ് ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് ദഹനത്തെ എളുപ്പമാക്കും. നാരങ്ങയ്ക്ക് ഉദരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഒരു ഡൈജസറ്റീവ് ഫ്ലൂയ്ഡ് ആയ ഗ്യാസ്ട്രിക് ആസിഡിന്റെ ഉൽപാദനം കൂട്ടാൻ കഴിയും. ഭക്ഷണത്തെ വിഘടിപ്പിക്കാനും ദഹിപ്പിക്കാനും സഹായിക്കുന്നത് ഈ ആസിഡ് ആണ്. ദഹനപ്രശ്നങ്ങളായ ആസിഡ് റിഫ്ലക്സ് അകറ്റാനും മലബന്ധമകറ്റാനും നാരങ്ങാവെള്ളം കുടിക്കുന്നതിലൂടെ കഴിയും.



