ലയണൽ മെസ്സിക്ക് എംഎൽഎസ് ഏറ്റവും മൂല്യമേറിയ താരത്തിനുള്ള പുരസ്കാരം
ഇന്റർ മയാമി സി. എഫിന്റെ ഇതിഹാസ താരം ലയണൽ മെസ്സിക്കു 2025-ലെ എം.എൽ.എസിലെ ഏറ്റവും മൂല്യമേറിയ താരത്തിനുള്ള പുരസ്കാരം. തുടർച്ചയായി രണ്ട് സീസണുകളിൽ ഈ ബഹുമതി നേടുന്ന ആദ്യ താരമാണ് മെസ്സി. മെസ്സിയെ കൂടാതെ രണ്ട് തവണ എം.വി.പി ജേതാവായത് പ്രെഡ്‌ഡ്രാഗ് “പ്രെക്കി” റാഡോസാവ്ല്യേവിചു മാത്രമാണ്.
മാധ്യമപ്രവർത്തകർ, താരങ്ങൾ, ക്ലബ്ബുകൾ എന്നിവയുടെ സംയുക്ത വോട്ടിങ്ങിൽ 70.% ലേറെ വോട്ടുകൾ നേടിയാണ് മെസ്സി ഒന്നാമതെത്തിയത്. 2025 സീസണിൽ 28 മത്സരങ്ങളിൽ 29 ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ മെസ്സി, 19 അസിസ്റ്റുകളും നൽകി. തുടർച്ചയായി രണ്ടാമത്തെ വർഷവും 36-ൽ അധികം ഗോൾ സംഭാവനകൾ നേടുന്ന ഏക എം.എൽ.എസ്. താരവും മെസ്സി ആണ്.

നേരത്തെ മെസ്സിയുടെ മികവിൽ മയാമി ആദ്യ എം.എൽ.എസ്. കപ്പ് നേടിയിരുന്നു. ഡിസംബർ 6-ന് വാങ്കൂവർ വൈറ്റ്‌ക്യാപ്‌സിനെ 3-1ന് പരാജയപ്പെടുത്തിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള മിയാമിയുടെ ഫൈനലിലെ മൂന്നു ഗോളുകളിലും നേരിട്ടോ പരോക്ഷമായോ പങ്കാളിയായ മെസ്സി, സ്വന്തം കരിയറിലെ 48-ാം ട്രോഫി ആണ് നേടിയത്. ഇതോടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ട്രോഫികൾ നേടിയ താരം കൂടിയായി മെസ്സി മാറി.




