സ്മാർട്ട്ഫോൺ മാത്രം മതി, ഒ പി ടിക്കറ്റ് വീട്ടിലിരുന്ന് എടുക്കാം; ഇ-ഹെൽത്ത് വഴി ഓൺലൈൻ ബുക്കിംഗ് ഇങ്ങനെ
.
ആശുപത്രികളിൽ ഒ പി ടിക്കറ്റ് എടുക്കാൻ നീണ്ട വരി നിൽക്കേണ്ടി വരുമ്പോൾ അസ്വസ്ഥരാവാറുണ്ടോ ? എല്ലാം ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് ഡിജിറ്റലായി ഒപി ടിക്കറ്റ് എടുക്കാൻ കഴിഞ്ഞിരുന്നേൽ എന്ന് ആലോചിച്ചിട്ടുണ്ടോ ? എന്നാൽ അതിനും സാധിക്കും. കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളിലും ഓൺലൈൻ ആയി ഒപി ടിക്കറ്റ് എടുക്കാൻ സാധ്യമാണ്. ഇതിനായി ഒരു സ്മാർട്ഫോണും ഇന്റർനെറ്റ് കണക്ഷനും മാത്രം മതി.

ഓൺലൈനായി എങ്ങനെ ഒപി ടിക്കറ്റ് എടുക്കാമെന്ന് നോക്കിയാലോ

ഇതിനായി ഇ ഹെൽത്ത് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ( https://ehealth.kerala.gov.in/) പ്രവേശിച്ച ശേഷം അപ്പോയ്ന്റ്മെന്റിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് UHID ഇല്ലായെങ്കിൽ ഇത് ക്രിയേറ്റ് ചെയ്യാനായി രജിസ്റ്റർ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ശേഷം ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്യുക.ശേഷം UHID ക്രിയേറ്റ് ചെയ്യാൻ സാധിക്കും.

നിങ്ങൾക്ക് ആദ്യം തന്നെ UHID ഉണ്ടെങ്കിൽ രജിസ്റ്റർ ഓപ്ഷന് പകരം ലോഗിൻ ഓപ്ഷൻ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ലോഗിൻ ചെയ്ത ശേഷം നമ്പറുമായി ലിങ്ക് ചെയ്ത UHID കാണാൻ സാധിക്കും. ആർക്കു വേണ്ടിയാണോ ഒ പി ടിക്കറ്റ് എടുക്കുന്നത് അവരുടെ പ്രൊഫൈലിൽ ജനന തിയ്യതി നൽകിയ ശേഷം പ്രൊസീഡ് കൊടുക്കുക. ശേഷം വരുന്ന വിൻഡോയിൽ അഡ്വാൻസ് അപ്പോയ്ന്റ്മെന്റ് ബുക്കിംഗ് ഓപ്ഷൻ ക്ലിക്ക് ചെയ്ത ശേഷം ഡോക്ടറെ കാണിക്കാനുദ്ദേശിക്കുന്ന ജില്ല, ആശുപതിയുടെ പേര് കാണിക്കാനുദ്ദേശിക്കുന്ന വിഭാഗം എന്നിവ നൽകുക.
ശേഷം, ഡോക്ടറെ കാണാൻ ഉദ്ദേശിക്കുന്ന തിയ്യതി നൽകുക തുടർന്ന് ബുക്ക് ചെയ്യാൻ സാധിക്കുന്ന ടോക്കറ്റ് നമ്പറുകൾ കാണാൻ സാധിക്കും ഇവയിൽനിന്നും നമുക്ക് വേണ്ടത് സെലക്റ്റ് ചെയ്ത ശേഷം ടിക്കറ്റ് എടുക്കാനാവശ്യമായ തുക അടച്ച് ബുക്ക് ചെയ്യാൻ സാധിക്കും. തുടർന്ന് വരുന്ന അപ്പോയ്ന്റ്മെന്റ് സ്ലിപ് ഡൗണ്ലോഡ് ചെയ്തു ആശുപത്രിയിൽ ചെന്നാൽ വരി നിൽക്കാതെ ഒ പി ടിക്കറ്റ് ലഭിക്കും.



