രാഹുലിനെ കണ്ടെത്താൻ പുതിയ സംഘം; തെരച്ചിൽ കേരളത്തിലും ദക്ഷിണ കർണാടകയിലും
.
ലൈംഗിക പീഡനക്കേസിയലെ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ പുതിയ സംഘത്തെ നിയോഗിച്ചു. പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥർ തെരച്ചിൽ ആരംഭിച്ചു. കേരളത്തിലും ദക്ഷിണ കർണാടകയിലുമാണ് തെരച്ചിൽ നടത്തുന്നത്. രാഹുലിനെതിരെയുള്ള രണ്ടാമത്തെ കേസിൽ രാഹുലിന്റെ അറസ്റ്റ് കോടതി തടയാത്ത സാഹചര്യത്തിലാണ് നടപടി. കേസിലെ പ്രാഥമിക റിപ്പോർട്ട് അന്വേഷണസംഘം ഉടൻ കോടതിയിൽ സമർപ്പിക്കും.

എംഎൽഎ ഒളിവിൽപ്പോയിട്ട് ഇന്ന് പതിനൊന്നാം ദിനം ആണ്. രാഹുൽ ദക്ഷിണ കർണാടകത്തിലെ ഒളിയിടത്തിലുണ്ടെന്നാണ് എസ്ഐടിക്ക് ലഭിച്ച വിവരം. എന്നാൽ സുരക്ഷാ പ്രശ്നങ്ങളാലും വരവ് മുൻകൂട്ടിയറിയാൻ രാഹുലിന് കഴിയുമെന്നതിനാലും അറസ്റ്റ് വൈകുന്നൂവെന്നാണ് സൂചന. കർണാടകയിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ അഭയമാണ് രാഹുലിന് ഒളിവിൽ കഴിയാൻ സഹായകമാകുന്നത്.

ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കാര്യമായൊന്നും കണ്ടെത്താനായില്ല. ഓണായ ഫോൺ രാഹുലിന്റെ പക്കലില്ലെന്നാണ് എസ്ഐടിയുടെ നിഗമനം. മുൻകൂർ ജാമ്യാപേക്ഷയില്‍ വിശദമായ വാദം നാളെ നടക്കും. കേസിലെ പൊലീസ് റിപ്പോർട്ടും തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കും.




