നന്തി – കിഴൂർ റോഡിൽ അണ്ടർ പാസ് യാഥാർത്ഥ്യമാവുന്നു; സമരം നിർത്തിവെച്ചു
.
നന്തി – കിഴൂർ റോഡിൽ അണ്ടർ പാസ് യാഥാർത്ഥ്യമാവുന്നു. സമരം നിർത്തിവെച്ചു. നന്തിയിൽ ഏഴു മീറ്റർ വീതിയിലും നാലര മീറ്റർ ഉയരത്തിലുമുള്ള അണ്ടർപാസ് സ്ഥാപിക്കാൻ എൻ എച്എ ഐ പ്രൊപോസൽ തയാറാക്കി കരാർ കമ്പനിക്ക് കൈമാറി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഒഴിയുന്ന മുറക്ക് അന്തിമ ഉത്തരവ് ഇറങ്ങും. കഴിഞ്ഞ രണ്ട് വർഷമായി മൂടാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി വിളിച്ച് ചേർത്ത ബഹുജന കൺവൻഷനിൽ വെച്ച് രൂപീകരിച്ച സർവ്വകക്ഷി കർമ്മസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങളുടെയും എംഎൽഎ, എം.പിമാർ, മന്ത്രിമാർ, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനങ്ങൾ നൽകിയും നടത്തിയ പ്രവർത്തനങ്ങളാണ് വിജയം കണ്ടത്.


പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലെ പ്രധാന റോഡായ നന്തി കിഴൂർ റോഡ് അടക്കപ്പെടുന്നത് വലിയ യാത്രാ പ്രതിസന്ധി സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തിലാണ് ജനങ്ങൾ പ്രക്ഷോഭത്തിനിറങ്ങിയത്. നന്തി ടൗണിൽ ചേർന്ന യോഗത്തിൽ സമരം നിർത്തിവെച്ചതായും ഹൈവേ നിർമാണം തുടരാൻ തടസമായ സമര പന്തൽ നീക്കം ചെയ്തതായും കർമസമിതി ഭാരവാഹികൾ അറിയിച്ചു. ചെയർമാൻ കിഴക്കയിൽ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ അണ്ടർപാസ് പ്ളാൻ പ്രകാശനം ചെയ്തു. വിശ്വൻ ചെല്ലട്ടം കണ്ടി -ചേനോത്ത് ഭാസ്കരൻ മാസ്റ്റർ സി. ഗോപാലൻ, റസൽ നന്തി, സിറാജ് മുത്തായം, സനീർ വില്ലങ്കണ്ടി, ബിജീഷ് യു. വി എന്നിവർ സംസാരിച്ചു. കൺവീനർ വി. വി. സുരേഷ് സ്വാഗതവും ടി.കെ. ഭാസ്കരൻ നന്ദിയും പറഞ്ഞു.




