പാർലമെന്‍റ് ശൈത്യകാല സമ്മേളനം ഇന്ന് ആരംഭിക്കും;തീവ്ര വോട്ടർ പട്ടിക പരിഷ്കരണം, ദില്ലി സ്ഫോടനം തുടങ്ങിയവ ചർച്ചയായേക്കും
.
ദില്ലി: പാർലമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ സിറ്റിംഗുള്ള പാർലമെന്റ് ശൈത്യകാല സമ്മേളനം ഇന്ന് ആരംഭിക്കും. പുതിയ ലേബർ കോഡ്, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം, ദില്ലി സ്ഫോടനം, വായു മലിനീകരണം തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെടും.

ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവകക്ഷി യോഗത്തിൽ ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സെൻട്രൽ ഹാളിൽ രാവിലെ 11 മണിക്ക് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ബിൽ, ദേശീയപാത ബിൽ, ആണവോർജ്ജ ബിൽ എന്നിവയടക്കം 13 ബില്ലുകൾ ചർച്ച ചെയ്‌തേക്കും. വന്ദേമാതരത്തിന്‍റെ 150-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേകം ചർച്ച നടത്തുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

കുറഞ്ഞത് 20 ദിവസമെങ്കിലും നീണ്ടു നിക്കാറുള്ള ശൈത്യകാല സമ്മേളനം വെട്ടികുറച്ചതിൽ ശക്തമായ എതിർപ്പ് പ്രതിപക്ഷം സർക്കാറിനെ അറിയിച്ചു. ചുരുങ്ങിയ ദിവസത്തെ സമ്മേളനം സർക്കാറിന് പാർലമെന്റിലുള്ള വിശ്വാസത്തെ എടുത്തു കാണിക്കുന്നുവെന്നും പാർലമെന്റ് സമ്മേളനത്തിന്റെ ഗുണമേന്മ ചോർന്നു പോകുന്നതായും ജോൺ ബ്രിട്ടാസ് എം പി ഇന്നലെ ആരോപിച്ചിരുന്നു.



