രാഹുലിന് കുരുക്ക് മുറുകുന്നു: ഭ്രൂണഹത്യ നടത്തിയത് തീർത്തും അശാസ്ത്രീയമായി; കഴിപ്പിച്ചത് ജീവൻ അപകടത്തിലാക്കുന്ന മരുന്നുകൾ
.
രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. ഭ്രൂണഹത്യ നടത്തിയത് തീർത്തും അശാസ്ത്രീയമായി എന്നതിന് തെളിവുകൾ പൊലീസിന് ലഭിച്ചു. മൈഫിപ്രിസ്റ്റോൺ, മൈസോപ്രോസ്റ്റോൾ എന്നീ രണ്ട് മരുന്നുകളാണ് രാഹുലിൻ്റെ സുഹൃത്ത് എത്തിച്ചതെന്ന് യുവതി മൊഴി നൽകി. ജീവൻ പോലും അപകടത്തിലാക്കാവുന്ന മരുന്നുകളാണ് ഇവ. ട്യൂബൽ പ്രഗ്നൻസിയെങ്കിൽ ട്യൂബ് പൊട്ടി മരണം വരെ സംഭവിക്കാമെന്ന് ഡോക്ടർ പറഞ്ഞെന്നും മൊഴിയുണ്ട്.

ഡോക്ടറുടെ മാർഗ നിർദേശമോ സാന്നിധ്യമോ ഇല്ലാതെയാണ് മരുന്നു കഴിച്ചത്. തുടർന്ന് ഗുരുതര രക്തസ്രാവത്തിന് യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ രേഖകളും തെളിവുകളും പൊലീസിന് യുവതി നൽകിയിട്ടുണ്ട്. യുവതിയെ കഴിപ്പിച്ചത് ഏഴ് ആഴ്ച വരെ കഴിക്കാവുന്ന മരുന്നെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഗർഭസ്ഥ ശിശുവിന് മൂന്നു മാസം വളർച്ചയുണ്ടായിരുന്നു.

അതേസമയം, ഭ്രൂണഹത്യയ്ക്ക് ശേഷം മാനസികമായി തകർന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ആത്മഹത്യാ ശ്രമം നടത്തിയ യുവതി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ഐസിയുവിൽ കഴിഞ്ഞത്. ഭ്രൂണഹത്യയ്ക്ക് ശേഷം ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് യുവതിക്കുണ്ടായത്. ഇത് തെളിയിക്കുന്ന മെഡിക്കൽ രേഖകളും പൊലീസ് ശേഖരിച്ചു. പരിശോധിച്ച ഡോക്ടറിൽ നിന്നും മൊഴിയെടുക്കും.




