പൊലീസിനെ വെട്ടുകത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ച കാപ്പ കേസ് പ്രതി പിടിയിൽ
.
തിരുവനന്തപുരത്ത് പൊലീസിനെ വെട്ടുകത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും, സ്വയരക്ഷക്കായി ഉദ്യോഗസ്ഥൻ വെടിയുതിർത്തപ്പോൾ രക്ഷപ്പെടുകയും ചെയ്ത കാപ്പ കേസ് പ്രതി പിടിയിൽ. കാട്ടാക്കടയിൽ വെച്ചാണ് നിരവധി കേസുകളിലെ പ്രതി കൈരി കിരൺ പിടിയിലായത്. ഇയാൾ മുൻപും പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

നോട്ടീസ് നൽകാൻ പോയപ്പോഴായിരുന്നു ആക്രമണം. രണ്ടാഴ്ച മുൻപ് നോട്ടീസ് നൽകാൻ പ്രതിയുടെ വീട്ടിലേക്ക് പൊലീസ് പോയിരുന്നു. അന്നും വെട്ടുകത്തിയെടുത്ത് ആക്രമിക്കാൻ ശ്രമിച്ചു. തുടർന്നാണ് കഴിഞ്ഞദിവസം പ്രതി വീട്ടിലെത്തിയത് അറിഞ്ഞ് പൊലീസ് പിടികൂടാൻ ചെന്നത്. ഈ സമയത്തായിരുന്നു ആക്രമണം.

ആര്യങ്കോട് എസ് എച്ച് ഓയെ വെട്ടാൻ ശ്രമിച്ചപ്പോഴാണ് വെടിയുതിർത്തത്. പ്രതിയുടെ ദേഹത്ത് വെടി കൊണ്ടില്ല. തുടർന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. കൈരി കിരണിനെതിരെ വധശ്രമത്തിനും നാടുകടത്തൽ ഉത്തരവ് ലംഘിച്ചതിനും പൊലീസ് രണ്ട് കേസുകളെടുത്തിട്ടുണ്ട്. വെടിവെപ്പിനെ സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള നടപടിയെന്ന് സംഭവത്തെ ഡിഐജി വിലയിരുത്തി.




