KOYILANDY DIARY.COM

The Perfect News Portal

ധീരജവാൻ സുബിനേഷിൻ്റെ പത്താം രക്തസാക്ഷിത്വ വാർഷിക ദിനാചരണം

.
കൊയിലാണ്ടി: രാജ്യത്തിൻറെ അതിർത്തി കാക്കുന്നതിനിടെ ജമ്മു കാശ്മീരിലെ രജൗറി ജില്ലയിൽ ഭീകരരുടെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ച ചേലിയയിലെ ധീരജവാൻ അടിയള്ളൂർ മീത്തൽ സുബിനേഷിൻ്റെ പത്താം രക്തസാക്ഷിത്വ വാർഷിക ദിനാചരണം ചേലിയ യുവധാര ആർട്സ് & സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ 9 മണിക്ക് സുബിനേഷ് സമൃതി മണ്ഡപത്തിൽ  പുഷ്പാർച്ചനയും പതാക ഉയർത്തലും നടന്നു. കൊയിലാണ്ടി പോലീസ് സബ് ഇൻസ്പെക്ടർ അവിനാഷ് കുമാർ പതാക ഉയർത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് മുഖ്യാതിഥിയായി.
ഗൈഡ്സ് , സ്കൗട്ട്സ്, എസ് പി സി, എൻ സി സി, പോലീസ്, വിരമിച്ച സൈനികർ,  എൻഎസ്എസ് വളണ്ടിയർമാർ തുടങ്ങിയവർ നാട്ടുകാരോടൊപ്പം ആദരാഞ്ജലി അർപ്പിച്ചു. ഉച്ചയ്ക്കുശേഷം യു പി, ഹൈസ്കൂൾ വിദ്യാർഥികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർക്കായി ക്വിസ്സ് മത്സരം നടന്നു. വൈകുന്നേരം നടന്ന സാംസ്കാരിക അനുസ്മരണ സമ്മേളനം മുൻ എൻ എസ് ജി കമാൻഡോ സുബേദാർ മേജർ മാനേഷ് പി. വി.
ശൗര്യചക്ര ഉദ്ഘാടനം ചെയ്തു. വീരമൃത്യു വരിച്ച നായബ് സുബേദാർ ശ്രീജിത്തിന്റെ ഭാര്യ ഷെജിന ശ്രീജിത്ത് സ്നേഹ ജ്വാല കൊളുത്തി. അതോടൊപ്പം മുഴുവൻ പേരും ഭീകര വിരുദ്ധ പ്രതിജ്ഞയെടുത്തു. CDS ചെയർപേഴ്സൺ ടി. കെ പ്രനീത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എൽഎസ്എസ്, യുഎസ്എസ് വിജയികളേയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളേയും കല, കായികം, ജൈവകൃഷി, പ്രവർത്തിപരിചയം എന്നിവയിലൂടെ മികവ് തെളിയിച്ച വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ സമ്മാനദാനം നിർവഹിച്ചു. ജനപ്രതിനിധികളായ മജു കെ.എം, അബ്ദുൽ ഷുക്കൂർ, രാഷ്ട്രീയ – സാംസ്കാരിക നേതാക്കളായ പി എം ചന്ദ്രശേഖരൻ, പി ബാലകൃഷ്ണൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സുരക്ഷാ പാലിയേറ്റീവ് പൊയിൽക്കാവ് മേഖലക്ക് ഒരു മാസത്തെ മെഡിസിൻ കിറ്റിനുള്ള പണം ചടങ്ങിൽ വെച്ചു സുബിനേഷിൻ്റെ പിതാവ് കുഞ്ഞിരാമൻ അഡ്വ. പി പ്രശാന്തിന് കൈമാറി. തുടർന്ന് പ്രശസ്ത മാന്ത്രികൻ ശ്രീജിത്ത് വിയ്യൂർ മാജിക്ക് ഷോ അവതരിപ്പിച്ചു. ചെയർമാൻ ഉണ്ണിക്യഷ്ണൻ തൃപുരി അദ്ധ്യക്ഷത വഹിച്ചു. സാഗരത സംഘം കൺവീനർ ജോഷി കെ. എം സ്വാഗതവും യുവധാര പ്രസിഡണ്ട് അമിത്ത് പി നന്ദിയും പറഞ്ഞു.
Share news