ശബരിമല സ്വർണ മോഷണ കേസ്; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
.
ശബരിമല സ്വർണ മോഷണ കേസിൽ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ചൊവ്വാഴ്ച വരെയാണ് അറസ്റ്റിന് വിലക്ക്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി ഇടപെടൽ. ഹർജി ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. ദേവസ്വം സെക്രട്ടറി ആയിരിക്കെ ജയശ്രീ ദേവസ്വം ബോർഡ് മിനുറ്റ്സിൽ നിയമവിരുദ്ധമായി തിരുത്തൽ വരുത്തിയെന്ന് എസ് ഐ ടി കണ്ടെത്തിയിരുന്നു.

അതേസമയം, തനിക്കെതിരായ ആരോപണങ്ങൾക്ക് അടിസ്ഥാനം ഇല്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും കാട്ടിയാണ് എസ് ജയശ്രീ കോടതിയെ സമീപിച്ചത്. സമാന ഉള്ളടക്കത്തോടെ ഇവർ നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ നേരിട്ട് പരിഗണിക്കേണ്ട അസാധാരണ സാഹചര്യം ഇല്ലെന്ന് പറഞ്ഞാണ് മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയത്.




