ഇനി എത്രവലിയ ആൾക്കൂട്ട ദുരന്തവും നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ക്യാമറ ഉപയോഗിച്ച് ഒഴിവാക്കാം; കണ്ടെത്തലുമായി കോഴിക്കോട് എൻഐടി
.
ഇനി എത്രവലിയ ആൾക്കൂട്ട ദുരന്തവും നിർമിത ബുദ്ധിയുടെ സഹായത്തോടെ ഒഴിവാക്കാം. എഐയിൽ പ്രവർത്തിക്കുന്ന ക്യാമറകൾ വികസിപ്പിച്ച് കോഴിക്കോട് എൻഐടി. എത്ര വലിയ ആൾക്കൂട്ടമാണെങ്കിലും എഐയിലൂടെ പ്രവർത്തിക്കുന്ന ക്യാമറ ഉപയോഗിച്ച് അസ്വാഭാവിക നീക്കങ്ങൾ വിലയിരുത്താനും ഇതുവഴി ഉണ്ടായേക്കാവുന്ന വലിയ ദുരന്തങ്ങൾ ഒഴിവാക്കാനും സാധിക്കുന്ന തരത്തിലുള്ള സംവിധാനമാണ് കോഴിക്കോട്ടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻഐടി) വികസിപ്പിച്ചിരിക്കുന്നത്.

ജനത്തിരക്കേറിയ റോഡിലുണ്ടാകുന്ന അഗ്‌നിബാധ ഉൾപ്പെടെ ഇത്തരത്തിൽ തടയാനാകുമെന്നും എന്ത് അസ്വാഭാവിക നീക്കവും ഇതിലൂടെ കണ്ടെത്താനാകുമെന്ന് പദ്ധതി നടപ്പാക്കുന്ന എൻഐടി ആർക്കിടെക്ചർ ആൻഡ് ടൗൺ പ്‌ളാനിങ് വിഭാഗം അസി. പ്രൊഫസർ ഡോ. പി. ബിമൽ പറഞ്ഞു. കേന്ദ്ര സർക്കാരിൽനിന്ന് ലഭിച്ച 40 ലക്ഷത്തിൽനിന്ന് 21 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി ആരംഭിച്ചത്.

ആൾക്കൂട്ടം ഉണ്ടാകുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന സിസിടിവി ക്യാമറകളും ഡ്രോൺ ക്യാമറകളും നിശ്ചിത അൽഗോരിതത്തിലൂടെ വിശകലനം ചെയ്ത് എഐ സംവിധാനം വിനിയോഗിച്ച് അപഗ്രഥിക്കുകയും ദുരന്തങ്ങൾ തിരിച്ചറിഞ്ഞ് ഫയർഫോഴ്‌സ്, പോലീസ്, ജില്ലാ ഭരണകൂടം തുടങ്ങിയവരെ നിമിഷങ്ങൾകൊണ്ട് അറിയിക്കുകയും ചെയ്യാനാകുന്ന വിധത്തിലാണ് ഈ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. യുപിയിലെ വാരാണസി, കോഴിക്കോട് മിഠായിത്തെരുവ്, എൻഐടി കാമ്പസ് എന്നിവിടങ്ങളിൽ പ്രാഥമിക പരീക്ഷണം നടത്തി.




