മണ്ഡല– മകരവിളക്ക് ഉത്സവത്തിനൊരുങ്ങി ശബരിമല; 16ന് വൈകിട്ട് അഞ്ചിന് നട തുറക്കും
.
പത്തനംതിട്ട: മണ്ഡല– മകരവിളക്ക് ഉത്സവത്തിനൊരുങ്ങി ശബരിമല. 16ന് വൈകിട്ട് അഞ്ചിന് നട തുറക്കും. വെർച്വൽ ക്യൂ കൂടാതെ വിവിധ വഴിപാടുകൾക്കുള്ള ഓൺലൈൻ ബുക്കിങ്ങും ആരംഭിച്ചു. പമ്പ, നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ തത്സമയ ബുക്കിങ് കൗണ്ടറുകളും തുറക്കും. ഓൺലൈനായി 70,000 പേർക്കും തത്സമയ ബുക്കിങ് വഴി 20,000 പേർക്കും ദിവസേന ദർശനം സാധ്യമാകും. ഓൺലൈൻ ബുക്കിങ് റദ്ദായാൽ സ്ലോട്ടുകൾ തത്സമയ ബുക്കിങ്ങിനായി മാറ്റിവയ്ക്കും. തീർത്ഥാടകരെ ചൂഷണം ചെയ്യാതിരിക്കാൻ പ്രത്യേക നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തി.

സ്ത്രീകൾക്കും കുട്ടികൾക്കും പതിനെട്ടാംപടിക്കുമുമ്പ് നടപ്പന്തൽ മുതൽ പ്രത്യേകം ക്യൂ സംവിധാനവും കാത്തുനിൽക്കാതെ ദർശനത്തിനും സൗകര്യവുമൊരുക്കിയിട്ടുണ്ട്. മാളികപ്പുറത്തെ അന്നദാന മണ്ഡപത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിൽ സന്നിധാനത്ത് 24 മണിക്കൂർ പ്രവർത്തിക്കുന്ന സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറക്കും.

പമ്പയിലും സന്നിധാനത്തും ബോർഡിന്റെ ഓഫ് റോഡ് ആംബുലൻസ് സംവിധാനം 24 മണിക്കൂറും ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളുമായുള്ള ഏകോപനത്തിന് പരിചയ സമ്പന്നരായ മുതിർന്ന ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. തീർഥാടകർകർക്കായി സഹായനിധിയും രൂപീകരിച്ചു.

വൃശ്ചികം ഒന്നായ 17 മുതൽ പുലർച്ചെ മൂന്നുമുതൽ പകൽ ഒന്നുവരെയും ഉച്ചകഴിഞ്ഞ് മൂന്നുമുതൽ രാത്രി 11ന് ഹരിവരാസനംവരെയുമാണ് ദർശനത്തിന് അവസരമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. തീർത്ഥാടകരെ സ്വീകരിക്കാൻ ദേവസ്വം ബോർഡ് പൂർണസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ബോർഡംഗം അഡ്വ. എ അജികുമാറും പങ്കെടുത്തു. മണ്ഡലപൂജയ്ക്കുശേഷം ഡിസംബർ 27നാണ് നടയടയ്ക്കുക. മകരവിളക്കിനായി വീണ്ടും 30ന് തുറക്കുന്ന നട 2026 ജനുവരി 20ന് അടയ്ക്കും. മകരവിളക്ക് ജനുവരി 14നാണ്.
അപകട ഇൻഷുറൻസ് പരിധി കേരളത്തിലാകെ
നാല് ജില്ലകളിൽ മാത്രമുണ്ടായിരുന്ന അപകട ഇൻഷുറൻസ് പരിധി സംസ്ഥാന വ്യാപകമാക്കി. തീർഥാടകർ മരിച്ചാൽ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കും. സംസ്ഥാനത്തിന് പുറത്തേക്ക് ഒരു ലക്ഷം രൂപ വരെയും സംസ്ഥാനത്തിനകത്ത് മുപ്പതിനായിരം രൂപ വരെയും ആംബുലൻസ് ചെലവും ദേവസ്വം ബോർഡ് വഹിക്കും. പമ്പ മുതൽ സന്നിധാനം വരെയും എരുമേലി കാനനപാതയിലും മല കയറ്റത്തിനിടെ ഹൃദയാഘാത്തെ തുടർന്ന് മരിക്കുന്നവർക്ക് ഇൻഷുറൻസ് തുക നൽകാൻ മുന്പ് കഴിയുമായിരുന്നില്ല. മരിക്കുന്നവരുടെ കുടുംബത്തിന് മൂന്നുലക്ഷം രൂപ നൽകാനും ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്.



