ശബരിമല മണ്ഡല – മകരവിളക്ക്: കാനന പാതയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ വനംവകുപ്പ്
.
മണ്ഡല – മകരവിളക്ക് തീർത്ഥാടനം ആരംഭിക്കാൻ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ സജീവം. വണ്ടിപ്പെരിയാർ സത്രം – പുല്ലുമേട് പരമ്പരാഗത കാനന പാതയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ വനംവകുപ്പ് നടപടി തുടങ്ങി. കാനന പാത തെളിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്.

പുല്ലുമേട് ദുരന്തത്തെ തുടർന്ന് കോഴിക്കാനം – പുല്ലുമേട് പാത അടച്ചതോടെ സത്രത്തിൽ നിന്നും സന്നിധാനത്തേക്കുള്ള പരമ്പരാഗത കാനന പാത വഴിയാണ് ഭക്തരെ കടത്തി വിടുന്നത്. സീസൺ തുടങ്ങുന്നതിനു മുന്നോടിയായി 12 കിലോമീറ്റർ കാനന പാതയുടെ ഇരു വശത്തും വളർന്നു നിൽക്കുന്ന കാട്ടു ചെടികൾ വനം വകുപ്പ് വെട്ടിത്തെളിക്കാൻ തുടങ്ങി. വഴിമുടക്കി കിടന്നിരുന്ന മരങ്ങൾ മുറിക്കുന്ന പണികളും പുരോഗമിക്കുകയാണ്.

പുല്ലുമേട്ടിൽ ലഘുഭക്ഷണ ശാലയും പോലീസ്, ആരോഗ്യ വകുപ്പുകൾക്കുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ആറു സ്ഥലത്ത് കുടിവെള്ളം വിതരണം ചെയ്യും. കഴിഞ്ഞ വർഷം 1,32,500 പേരാണ് ഇതുവഴി സന്നിധാനത്തേക്ക് പോയത്. ഈ മണ്ഡലക്കാലത്ത് അതിൽ കൂടുതൽ ആളുകൾ എത്തും എന്ന പ്രതീക്ഷയിലാണ് ഒരുക്കങ്ങൾ നടത്തുന്നത്.

തീർത്ഥാടകർക്കുള്ള അപകട ഇൻഷുറൻസ് പരിരക്ഷ കഴിഞ്ഞ വർഷം നാലു ജില്ലകളിൽ നടക്കുന്ന അപകട മരണങ്ങൾക്ക് മാത്രമായിരുന്നു. ഈ തീർത്ഥാടനകാലം മുതൽ കേരളത്തിൽ എവിടെവെച്ച് ശബരിമല യാത്രാമധ്യേ അപകട മരണമുണ്ടായാലും അഞ്ചു ലക്ഷം രൂപ പരിരക്ഷ ലഭിക്കും. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് കേരളത്തിനകത്ത് 30,000 രൂപ വരെയും കേരളത്തിന് പുറത്ത് ഒരു ലക്ഷം വരെയും നൽകും.



