ചേമഞ്ചേരി UDF സ്ഥാനാർത്ഥി പ്രഖ്യാപനം ലീഗിൽ പൊട്ടിത്തെറി
ചേമഞ്ചേരി: ചേമഞ്ചേരിയിൽ മുസ്ലിം ലീഗിൽ പൊട്ടിത്തെറി. 3 തവണ മത്സരിച്ചവർ മാറി നിൽക്കണമെന്ന സംസ്ഥാന കമ്മിറ്റി തീരുമാനം അട്ടിമറിച്ച് ഒരു വിഭാഗം. നേതൃത്വത്തിനു പരാതികൊടുക്കാനൊരുങ്ങി മറു വിഭാഗം. സംസ്ഥാനത്ത് തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റിയുടെ മാർഗ്ഗനിർദ്ദേശ പ്രകാരം മൂന്ന് തവണ മത്സരിച്ചവർ നിർബന്ധമായും മാറിനിൽക്കണമെന്ന തീരുമാനം പുറത്തിറങ്ങിയിരുന്നു.

എന്നാൽ UDF സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയതോടെ ചേമഞ്ചേരിയിലെ ടി.ടി ഇസ്മയിൽ പക്ഷം നേതാക്കൾ ഈ തീരുമാനത്തെ അട്ടിമറിച്ചെന്നാണ് മറുപക്ഷം ആരോപിക്കുന്നത്. ഇതിൽ ്പരതിഷേധിച്ച് സംസ്ഥാന നേതൃത്വത്തിന് പരാതിക്കൊരുങ്ങുകയാണ് ഒരു വിഭാഗം ലീഗ് പ്രവർത്തകരും നേതാക്കളും. കഴിഞ്ഞ മൂന്ന് തവണയായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കണ്ണൻകടവ് 13-ാം വാർഡിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച റസീന ഷാഫി മാറി നിൽക്കണമെന്നതായിരുന്നു പൊതു വികാരം.

എന്നാൽ ടി.ടി ഇസ്മയിലിൻ്റെയും പി.കെ.കെ ബാവയുടെയും പിന്തുണയോടെ പഞ്ചായത്തിലെ ഒരു വിഭാഗം നേതാക്കൾ സംസ്ഥാന മുസ്ലീംലീഗ് നേതൃത്വത്തെയും പാണക്കാട് തങ്ങൾ കുടുംബത്തിൻ്റെയും തീരുമാനത്തെ വെല്ലുവിളിച്ച് ഇത്തവണ 14-ാം വാർഡിൽ റസീനയെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. ഇതിനെതിരെ മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി വെങ്ങളം റഷീദ് നേതൃത്വം നൽകുന്ന മറു വിഭാഗം കടുത്ത അതൃപ്തി രേഖപ്പെടുത്തി.




