ആപ്പിൾ കഴിക്കേണ്ടത് തൊലി കളഞ്ഞോ അതോ കളയാതെയോ? ഇനി ആ സംശയം വേണ്ട
.
ദിവസവും ഒരാപ്പിൾ കഴിക്കൂ, ഡോക്ടറെ അകറ്റിനിർത്തൂ’ എന്ന പഴഞ്ചൊല്ല് എല്ലാവരും കേട്ടിട്ടുണ്ടാകും. ആപ്പിൾ ഏറെ പോഷകസമൃദ്ധമായ പഴമാണ്. രോഗപ്രതിരോധ പ്രവർത്തനത്തിനും കൊളാജൻ ഉൽപാദനത്തിനും ആവശ്യമായ വിറ്റമിൻ സി ഉൾപ്പെടെയുള്ളവയുടെ സമ്പന്നമായ ഒരു ശ്രേണി അതിൽ അടങ്ങിയിരിക്കുന്നു. എന്നാൽ എങ്ങനെയാണ് ഇത് കഴിക്കേണ്ടത് എന്ന് ആളുകൾക്ക് ഇപ്പോഴും അറിയില്ല. ചിലർ തൊലിയോടൊപ്പം കഴിക്കണമെന്ന് പറയുന്നു, മറ്റു ചിലർ തൊലി കളയണമെന്ന് പറയുന്നു.

ആപ്പിൾ മിക്ക ആളുകളും തൊലി കളയാതെയാണ് കഴിക്കുന്നത്. എന്നാൽ, വെയ്റ്റ്‌ലോസ് വിദഗ്ദ്ധനായ സുധീർ ആഷ്തിന് വ്യത്യസ്തമായ അഭിപ്രായമുണ്ട്. ഭക്ഷണത്തെക്കുറിച്ച് ആളുകൾക്ക് കൃത്യമായ അറിവ് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ആപ്പിൾ കഴിക്കുന്നതിനുമുമ്പ് എപ്പോഴും തൊലി കളയണമെന്ന് ആണ് അദ്ദേഹം പറയുന്നത്. “പഴത്തിന്റെയോ വിത്തുകളുടെയോ ഉള്ളിലേക്ക് ദോഷകരമായ ഘടകങ്ങൾ എത്തുന്നത് തടയുന്ന ഒരു സംരക്ഷണ പാളിയാണ് തൊലി ചില ഭക്ഷണങ്ങളുടെ കാര്യത്തിൽ, തൊലിയോടൊപ്പം കഴിക്കേണ്ടി വരും. ഉദാഹരണത്തിന്, മുന്തിരി മുഴുവനായും കഴിക്കണം. ആപ്പിൾ തൊലികളിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നവർ, മാമ്പഴമോ വാഴപ്പഴമോ തൊലിയോടുകൂടി കഴിക്കാത്തത് എന്തുകൊണ്ട്?

അതുകൊണ്ടാണ് എപ്പോഴും അത്തരം പഴങ്ങളുടെ തൊലി കളയണമെന്ന് പറയുന്നത്,” ഒരു പോഡ്‌കാസ്റ്റിൽ അദ്ദേഹം പറഞ്ഞു. ആപ്പിളിലെ ആന്റിഓക്‌സിഡന്റുകളായ ക്വെർസെറ്റിൻ, ഫ്ലേവനോയ്ഡുകൾ എന്നിവ ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ചിലതരം അർബുദം എന്നിവയടക്കം രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.



