കേരള സര്‍വകലാശാലയിലെ ജാതി വിവേചനം: ഡീനിനെതിരെ പരാതി നല്‍കി ഗവേഷക വിദ്യാർത്ഥി
.
ഗവേഷണ വിദ്യാര്‍ത്ഥിയെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തില്‍ കേരള സർവകലാശാലയിലെ ഡീനിനെതിരെ പരാതി നല്‍കി വിപിൻ വിജയൻ. ഡീൻ ഡോ. സി എൻ വിജയകുമാരി ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. നിരന്തര വിവേചനം നേരിട്ടുവെന്ന് പരാതിയില്‍ വിപിൻ വിജയൻ പറഞ്ഞു. കഴക്കൂട്ടം എസ്പിക്കാണ് പരാതി നൽകിയത്.

നിരവധി തവണ ജാതി അധിക്ഷേപം നടത്തിയിട്ടുണ്ടെന്നും എന്നാല്‍ അന്ന് പ്രതികരിക്കാതിരുന്നത് തനിക്ക് പിഎച്ച്ഡി ലഭിക്കാതിരിക്കുന്നതിന് കാരണമാകുമെന്ന് ഭയന്നാണെന്ന് വിപിൻ തൻ്റെ ഫേസ്ബുക്ക് കുറിപ്പില്‍ എഴുതിയിരുന്നു. സംസ്കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞാണ് വിപിൻ്റെ ഗവേഷണ പ്രബന്ധത്തിന് അനുമതി നല്‍കാതെ തടഞ്ഞത്. ബി എ, എംഎ, ബിഎഡ്, എംഎഡ്, എം ഫില്‍ എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള ആള്‍ക്ക് എങ്ങനെയാണ് സംസ്കൃതം അറിയാത്തതെന്ന് വിപിൻ തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചിരുന്നു.

അതേസമയം, പ്രതിഭാശാലികളായ വിദ്യാർത്ഥികൾക്ക് അവരുടെ അറിവന്വേഷണത്തിന് ഒരു തടസ്സവും ഉണ്ടാകാൻ പാടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണിത്. അധ്യാപകരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. പക്വതയും മാന്യതയും അന്തസ്സും പുലർത്തേണ്ട ബാധ്യതയുണ്ട്. മുൻവിധിയോടെയുള്ള പെരുമാറ്റം ഉണ്ടാകാൻ പാടില്ലാത്തതാണ്. സർക്കാർ ഇക്കാര്യത്തില്‍ തീര്‍ച്ചയായും ഇടപെടുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.




