യുവ സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസ്: കുറ്റപത്രം സമര്‍പ്പിച്ച് എക്സൈസ്
.
യുവ സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എക്സൈസ്. കേസിൽ നാല് പ്രതികളാണുള്ളത്. ഖാലിദ് റഹ്മാനും അഷ്റഫ് ഹംസക്കും പുറമേ ചായാഗ്രാഹകൻ സമീർ താഹിറും പ്രതികളാണ്. സമീർ താഹിറിൻ്റെ അറിവോടെയാണ് ഫ്ലാറ്റിലെ ലഹരി ഉപയോഗമെന്നും എക്സൈസ് കണ്ടെത്തി. കഴിഞ്ഞ ഏപ്രിലിലാണ് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിലാകുന്നത്. സമീർ താഹിറിൻ്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ചാണ് എക്സൈസ് പിടികൂടിയത്.

മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടിരുന്നു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലാകുന്നത്. രഹസ്യവിവരത്തെത്തുടര്‍ന്ന് എക്സൈസ് സംഘം ഫ്ലാറ്റിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് സംവിധായരും ഛായാഗ്രാഹകനും ഉള്‍പ്പെടെയുള്ളവര്‍ പിടിയിലാകുന്നത്. കഞ്ചാവ് പിടികൂടിയ പശ്ചാത്തലത്തിൽ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ ഡയറക്ടേഴ്സ് യൂണിയനിൽ നിന്ന് ഫെഫ്ക നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.




