KOYILANDY DIARY.COM

The Perfect News Portal

പ്രണയാഭ്യർത്ഥന നിരസിച്ചതിൽ പക; തിരുവല്ലയിൽ സഹപാഠിയെ തീ കൊളുത്തി കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം

.

പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തിൽ സഹപാഠിയായ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ വെച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവല്ല കുമ്പനാട് സ്വദേശി അജിൻ റെജി മാത്യു ആണ് പ്രതി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്നാണ് ശിക്ഷ വിധിച്ചത്. വിധിയിൽ തൃപ്തർ എന്ന് കവിതയുടെ കുടുംബം പ്രതികരിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് കോടതി അഭിനന്ദനം അറിയിച്ചു.

 

2019 മാർച്ച് 12നു തിരുവല്ലയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന്, അജിൻ അവരെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കവിതയെ വഴിയിൽ തടഞ്ഞുനിര്‍ത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

Advertisements

 

70 ശതമാനത്തിൽ അധികം പൊള്ളലേറ്റ പെൺകുട്ടി, രണ്ടുനാൾ നീണ്ട ചികിത്സയ്ക്കൊടുവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചു. പ്രതി അജിൻ റെജി മാത്യുവിൻ്റെ കൈ കാലുകൾ കെട്ടി നാട്ടുകാർ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

 

കവിതയും പ്രതിയും ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ ഒരുമിച്ച് പഠിച്ചവരായിരുന്നു. ഇടയ്ക്ക് പെൺകുട്ടി പിന്മാറിയെന്ന സംശയമാണ് ക്രൂര കൃത്യത്തിലേക്ക് നയിച്ചതെന്നായിരുന്നു അജിന്‍റെ മൊഴി. കവിതയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പ്രതിയുടെ തീരുമാനം. കത്തിയും പെട്രോളും കയറും പ്രതിയുടെ കയ്യിലുണ്ടായിരുന്നു. സംഭവ ദിവസം തന്നെ പൊലീസ് പ്രതിയെ പിടികൂടി. അതിവേഗത്തിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

Share news