തിരുവങ്ങൂർ കാലിത്തീറ്റ ഫാക്ടറി: കെട്ടിട നമ്പർ നൽകുന്നതിനുള്ള തടസ്സം ഒഴിവാക്കി കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു

കൊയിലാണ്ടി: കേരളാ ഫീഡ്സിന്റ തിരുവങ്ങൂരിലെ കാലിത്തീറ്റ ഫാക്ടറിയുടെ കെട്ടിട നമ്പർ നൽകുന്നതിനുള്ള സാങ്കേതിക തടസ്സം ഒഴിവാക്കി കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ നിബന്ധം കാരണം കെട്ടിട നമ്പർ നൽകാൻ പഞ്ചായത്തിന് സാധിച്ചിരുന്നില്ല.
ഹൈടെക് കാലിത്തീറ്റ ഫാക്ടറിയാണ് തിരുവങ്ങൂരിൽ നിർമ്മിച്ചത്. ഒരു വർഷമായി കാലിത്തീറ്റ ഫാക്ടറി ഉൽഘാടനം ചെയ്തെങ്കിലും കെട്ടിട നമ്പർ ലഭിക്കാത്തതിനെ തുടർന്ന് ഉൽപാദനം ആരംഭിച്ചിരുന്നില്ല. പ്രതിദിനം 300 ടൺ കാലിത്തീറ്റ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് തിരുവങ്ങൂരിലെ ഫാക്ടറി.

കഴിഞ്ഞ 2016 ജനുവരി 9നാണ് കൃഷിമന്ത്രിയായിരുന്ന കെ.പി.മോഹനൻ ഉൽഘാടനം ചെയ്തത്. കെട്ടിട നമ്പർ ലഭിച്ചതോടെ വൈദ്യുതി കണക്ഷൻ ലഭിക്കുന്ന മുറയ്ക്ക് ഉൽപാദനം ആരംഭിക്കാൻ സാധിക്കും. 15 മാസമായി ഫാക്ടറിയുടെ ഉൽപാദനം നിലച്ച് കിടക്കുകയായിരുന്നു . ഫാക്ടറിയിലെ ചെറിയ നിർമ്മാണ തകരാറാണ് കെട്ടിട നമ്പർ ലഭിക്കുന്നതിന് തടസ്സമായത്. 60 കോടി ചിലവഴിച്ചാണ് കാലിത്തീറ്റ ഫാക്ടറി നിർമ്മിച്ചത്.

കെട്ടിട നമ്പർ ലഭിക്കാത്തത് നിസ്സാര പ്രശ്നത്തിന്റെ പേരിലാണ് വൈദ്യുതി കണക്ഷനായി. 2.12. കോടി രൂപ കെ.എസ്.ഇ.ബി യിൽ അടച്ചിട്ടുണ്ട്. കെട്ടിട നമ്പർ നൽകാൻ ഉത്തരവായ വിവരം കെ. ദാസൻ എം. എൽ.എ.യാണ് ഫാക്ടറിയിലെത്തി ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. സർക്കാർ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് കെട്ടിട നമ്പർ നൽകുന്ന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് പറഞ്ഞു.

