ഡോ. എം ലീലാവതിക്ക് ദേശാഭിമാനി സാഹിത്യ പുരസ്കാരം സമ്മാനിച്ച് മുഖ്യമന്ത്രി
.
നൂറ്റാണ്ടിൻ്റെ കേവല സാക്ഷിയല്ല, നൂറ്റാണ്ടിൻ്റെ നായികയാണ് ലീലാവതി ടീച്ചർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡോ. എം ലീലാവതിക്ക് ദേശാഭിമാനി സാഹിത്യ പുരസ്കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ലീലാവതി ടീച്ചർ ക്ലാസ്മുറികളിലെ മാത്രം അധ്യാപികയല്ല. അതുകൊണ്ടാണ് കേരളമാകെ അവരെ ടീച്ചർ എന്ന് വിളിക്കുന്നത്. ആക്രമങ്ങൾ നേരിട്ടയാൾ എന്നല്ല അതിനെ മറികടന്നയാൾ എന്ന നിലയ്ക്കാണ് ടീച്ചറെ അടയാളപ്പെടുത്തേണ്ടത്. ഗാസയിലെ കുഞ്ഞുങ്ങൾക്കായി ടീച്ചർ കുറിച്ച വാക്കുകൾ നമ്മെ അഭിമാനം കൊള്ളിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ ടീച്ചറെ പോലും പുലഭ്യം പറയാൻ ചിലർക്ക് മടിയുണ്ടായില്ല. പക്ഷേ ടീച്ചർ വർഗീയവാദികൾക്ക് മുന്നിൽ മുട്ടുമടക്കിയില്ല. ടീച്ചറെ മുഖ്യമന്ത്രി എന്ന നിലയിൽ കേരളീയ സമൂഹത്തിന് വേണ്ടി അഭിവാദ്യം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കളമശേരി കുസാറ്റ് സെമിനാർ ഹാളിൽ പകൽ 11ന് നടന്ന ചടങ്ങിലായിരുന്നു പുരസ്കാര സമർപ്പണം നടന്നത്. മൂന്നുലക്ഷം രൂപയും കാരയ്‌ക്കാമണ്ഡപം വിജയകുമാർ രൂപകൽപ്പനചെയ്‌ത ഫലകവുമാണ് സമ്മാനിച്ചത്.




