മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: ഉടമസ്ഥാവകാശം റദ്ദാക്കി ഹൈക്കോടതി
.
ആനക്കൊമ്പ് കേസില്‍ മോഹൻലാലിന് തിരിച്ചടി. ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് മോഹൻലാലിന് അനുമതി നൽകിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. ആവശ്യമെങ്കിൽ സർക്കാരിന് വിജ്ഞാപനം പുറപ്പെടുവിക്കാം. ഉടമസ്ഥാവകാശം നൽകിയ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

നടൻ മോഹൻലാലിൻ്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ആനക്കൊമ്പിൻ്റെ ഉടമസ്ഥാവകാശം നൽകിയ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ഉത്തരവ് നിലനിൽക്കില്ലെന്ന് ഉത്തരവിട്ട കോടതി ആവശ്യമെങ്കിൽ സർക്കാരിന് വിജ്ഞാപനം പുറപ്പെടുവിക്കാമെന്നും വ്യക്തമാക്കി. വിജ്ഞാപനം ചെയ്യാതെ ഉത്തരവ് മാത്രമായി ഇറക്കിയാൽ നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ മോഹൻലാലിൻ്റെ അപ്പീൽ ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനാൽ കേസിൻ്റെ മെറിറ്റിലേക്ക് കോടതി കടന്നില്ല.

2011 ൽ നടൻ മോഹൻലാലിൻ്റെ വീട്ടിൽ നിന്നും ആനക്കൊമ്പ് പിടിച്ചതിനെ തുടർന്ന് വനം വകുപ്പ് കേസെടുത്തിരുന്നു. പിന്നീട് പ്രത്യേക ഉത്തരവിലൂടെ ആനക്കൊമ്പിൻ്റെ ഉടമസ്ഥാവകാശം മോഹൻലാലിന് പതിച്ചുനൽകുകയും കേസ് പിൻവലിക്കുകയും ചെയ്തിരുന്നു. നേരത്തെ ഉത്തരവ് റദ്ദാക്കിയ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി, മോഹൻലാൽ വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരായ അപ്പീലിലാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്.




