പ്രദേശത്ത് പുലി സാന്നിധ്യം ഉള്ളതിനാൽ അട്ടപ്പാടിയിൽ സ്കൂളിന് അവധി

പ്രദേശത്ത് പുലി സാന്നിധ്യം ഉള്ളതിനാൽ അട്ടപ്പാടിയിൽ സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. അട്ടപ്പാടി മുള്ളി ട്രൈബൽ ജിഎൽപി സ്കൂളിനാണ് അവധി പ്രഖ്യാപിച്ചത്. രണ്ട് ദിവസങ്ങളായി സ്കൂൾ പരിസരത്ത് പുലി സാന്നിദ്ധ്യമുണ്ടെന്ന് അധ്യാപകരും രക്ഷിതാക്കളും പറഞ്ഞിരുന്നു.

അധ്യാപകരുടെ ക്വാർട്ടേഴ്സിന് മുന്നിലുണ്ടായിരുന്ന നായയെ കഴിഞ്ഞ ദിവസം പുലി പിടിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സ്കൂളിന് അവധി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാടിൻ്റെ മലയോര മേഖലകളിൽ പുലി സാന്നിധ്യമുണ്ട്. പലയിടങ്ങളായി വളർത്തു നായകളേയും മറ്റ് മൃഗങ്ങളേയും പുലി പിടികൂടുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നുണ്ട്.

പാലക്കാട് കാഞ്ഞിരപ്പുഴയിലെ ഒരു വീടിന്റെ മുറ്റത്ത് പുലിയെത്തിയിരുന്നു. വാക്കോടൻ അംബികയുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന വളർത്ത് നായയെ പുലി കൊണ്ടുപോയി. മൂന്ന് ദിവസം മുമ്പാണ് ഈ സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം സിസിടിവി പരിശോധിച്ചപ്പോഴാണ് പുലി എത്തിയ വിവരം വീട്ടുകാർ അറിയുന്നത്.

