അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി പ്രകാരമുള്ള ഭൂരഹിത ഭവനരഹിതർക്ക് ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകും

അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി പ്രകാരമുള്ള ഭൂരഹിത ഭവനരഹിത പട്ടികയിൽപ്പെട്ട ആലപ്പുഴ ജില്ലയിലെ 50 അതിദരിദ്ര കുടുംബങ്ങൾക്ക് ഫ്ലാറ്റ് അനുവദിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി.
‘പുനർഗേഹം’ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പുറക്കാട് മണ്ണുംപുറത്ത് പുനർഗേഹം പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ചു വരുന്ന ഫിഷറീസ് വകുപ്പിൻ്റെ ഫ്ലാറ്റ് സമുച്ചയത്തിലെ 50 ഫ്ലാറ്റുകളാണ് നല്‍കുക.

അതേസമയം സംസ്ഥാനത്ത് അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം നവംബർ ഒന്നിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുമെന്ന് മന്ത്രി എം ബി രാജേഷ് വാർത്ത സമ്മേളനത്തിലൂടെ അറിയിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനം അതിദാരിദ്ര്യ മുക്തമാകുന്നതെന്നും സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനും ലക്ഷ്യം കൈവരിക്കാനും സാധിച്ചെന്നും മന്ത്രി വ്യക്തമാക്കി.

