ശില്പപാളിയിലെ സ്വർണമോഷണം: ഗൂഢാലോചന നടന്നത് ബെംഗളൂരു കേന്ദ്രീകരിച്ചെന്ന് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി

.
ശബരിമല സ്വർണമോഷണത്തിൽ ഗൂഢാലോചന നടന്നത് ബെംഗളൂരു കേന്ദ്രീകരിച്ചെന്ന് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. ഗൂഢാലോചന നടത്തിയത് അഞ്ചംഗ സംഘം. സാമ്പത്തിക നേട്ടം ഉണ്ടാക്കിയത് ഈ സംഘം ആണെന്നും തനിക്ക് വലിയ ലാഭം ഉണ്ടായിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ മൊഴി നൽകി. തെളിവെടുപ്പ് വേഗത്തിലാക്കി ചൊവ്വാഴ്ചയോടെ കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ശബരിമല സ്വർണ്ണക്കവർച്ചയിൽ നിർണായക മൊഴികളാണ് ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. സ്വർണ്ണക്കൊള്ളയിൽ ഗൂഢാലോചന നടത്തിയത് അഞ്ചംഗ സംഘമാണ്. കൽപേഷ് ഉൾപ്പെടെയുള്ള കർണാടക സ്വദേശികളാണിവർ. ഇടപാടിൽ തനിക്ക് വലിയ ലാഭമുണ്ടായിട്ടില്ലെന്നും വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയത് ഈ സംഘമാണെന്നും പോറ്റി അന്വേഷണ സംഘത്തിന് മൊഴി നൽകി.

കേസിലെ കൂട്ടുപ്രതികളിൽ പ്രധാനികളെ കൂടി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നീക്കമാണ് അന്വേഷണസംഘം നടത്തുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിക്ക് പിന്നാലെ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു, സുനിൽ കുമാർ എന്നിവരെ ഉടൻ കസ്റ്റഡിയിലെടുത്തേക്കും. ഇവരെ കൂടി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

ഇതിനിടെ കസ്റ്റഡിയിൽ ലഭിച്ച രണ്ടാം ദിനവും പോറ്റിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇതിന് ശേഷം ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. ചൊവ്വാഴ്ചയോടെ ഹൈക്കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. രാഷ്ട്രപതിയുടെ സന്ദർശനം ഉള്ളതിനാൽ ഈ മാസം 22ന് ശേഷമായിരിക്കും ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുക.
