മലയാളി സുഹൃത്തിൻ്റെ വീട്ടില്‍ നിന്ന് 36 പവൻ സ്വര്‍ണ്ണം കവര്‍ന്നു: ആന്ധ്ര യുവതി പിടിയില്‍

.
സുഹൃത്തിൻ്റെ വീട്ടില്‍ നിന്ന് 36 പവൻ സ്വര്‍ണ്ണം കവര്‍ന്ന യുവതി പിടിയില്‍. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശി സൗജന്യയാണ് പിടിയിലായത്. നടുവട്ടം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിലെ ഇടശ്ശേരി പറമ്പ് കാടക്കണ്ടി ശിവരാമൻ്റെ വീട്ടിൽ നിന്നാണ് സൗജന്യ 36 പവൻ സ്വർണം കവർന്നത്. വീട്ടുടമയുടെ മകൻ അമൃതേഷിൻ്റെ ഭാര്യ ഗായത്രിയുടെ സുഹൃത്തും സഹപാഠിയുമാണ്. കഴിഞ്ഞ മെയ്-ജൂലൈ മാസത്തിനിടയിലാണ് സൗജന്യ കൂട്ടുകാരിയുടെ വീട്ടിൽനിന്ന് സ്വർണം കവര്‍ന്നത്. ഇരുവരും ബെംഗളൂരുവിലെ സ്വകാര്യ കോളജിൽ എം എസ് സി സൈക്കോളജി വിദ്യാർത്ഥികളാണ്.

പ്രോജക്ട് തയാറാക്കുന്നതിനുവേണ്ടി യുവതി കുറച്ചുദിവസം ഇവരുടെ വീട്ടിൽ താമസിച്ചിരുന്നു. സ്വർണം നഷ്ടപ്പെട്ട വിവരം ഓഗസ്റ്റ് മാസത്തിലാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. പിന്നീട് ബേപ്പൂർ പൊലീസില്‍ കേസ് കൊടുക്കുകയും ചെയ്തു. അന്വേഷണത്തിന് പിന്നാലെ പ്രതിയെ വെള്ളിയാഴ്ച മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിച്ച സ്വർണം വിജയവാഡയിലും ബെംഗളൂരുവിലും സ്വകാര്യ ബാങ്കുകളിൽ പണയം വെച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

