ട്രെയിൻ യാത്രയിൽ സ്വർണം ധരിക്കരുത്, റോൾഡ് ഗോൾഡും വേണ്ട; നിർദേശവുമായി റെയിൽവേ

.
ഒരു തരി പൊന്നിന് തന്നെ പതിനായിരങ്ങളാണ് ഇപ്പോൾ വില. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 12,000-ത്തിലേറെ രൂപയാണ്. പവനാകട്ടെ 97,000 കടന്നു. ഒരു ലക്ഷത്തിലേക്ക് കുതിക്കുന്ന സ്വർണത്തിന് പിന്നാലെ കള്ളന്മാരുമുണ്ട്. ഈ പശ്ചാത്തലത്തിൽ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തി. യാത്രയില്‍ സ്വര്‍ണം ധരിക്കരുതെന്നാണ് സുരക്ഷാ വിഭാഗത്തിന്റെ നിര്‍ദേശം.

ട്രെയിനിലെ സ്വര്‍ണക്കള്ളന്മാരെ ശ്രദ്ധിക്കണമെന്ന് ജാഗ്രത നൽകി പോസ്റ്ററും ബോധവത്കരണ വീഡിയോകളും റെയില്‍വേ ഇറക്കിയിട്ടുണ്ട്. ധരിക്കുന്നത് സ്വർണമല്ലെങ്കിലും അതിനോട് സാമ്യമുണ്ടെങ്കിൽ കള്ളന്മാർ കണ്ണുവെക്കും. അതിനാൽ റോൾഡ് ഗോൾഡ് ധരിക്കരുതെന്നും നിർദേശമുണ്ട്. പലപ്പോഴും പാദസരങ്ങളാണ് കള്ളന്മാർ ലക്ഷ്യമിടുക. പ്രത്യേകിച്ച് സ്ലീപ്പർ കോച്ചുകളിൽ.

മുകള്‍ ബര്‍ത്തുകളില്‍ കിടന്നുറങ്ങുന്ന സ്ത്രീകളുടെ പാദസരം ഇവര്‍ പൊട്ടിച്ചെടുക്കും. കാൽ പുറത്തേക്ക് ആകുന്നതിനാലും ഇനി ബെഡ് ഷീറ്റോ പുതപ്പോയുണ്ടെങ്കിലും അത് മാറ്റിയും പാദസരം പൊട്ടിച്ചെടുക്കുക കള്ളന്മാർക്ക് എളുപ്പമാണ്. കൊങ്കണ്‍ പാതയിലാണ് ഇത്തരം മോഷണങ്ങളിൽ അധികവും. മലയാളികളാണ് ഇരകളാകുന്നതും. ഏതാനും ടി ടി ഇമാരും പേരിന് ആർ പി എഫ്- പൊലീസ് ചെക്കിങും മാത്രമാണ് ഉണ്ടാകാറുള്ളത്. ക്യാമറ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളൊന്നും ട്രെയിനിലുണ്ടാകാറില്ല. ഇതെല്ലാം കള്ളന്മാർക്ക് അനുകൂലമായ ഘടകങ്ങളാണ്.

