KOYILANDY DIARY.COM

The Perfect News Portal

സ്ത്രീ സൗഹൃദ ടൂറിസം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായവുമായി സർക്കാർ

.

സ്ത്രീ സൗഹൃദ ടൂറിസം സംരംഭങ്ങൾക്ക് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സഹായമൊരുക്കുന്നു. ടൂറിസം വകുപ്പിന്റെ കേരള ഉത്തരവാദിത്ത ടൂറിസം (ആർടി) മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വനിതാ യൂണിറ്റുകളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഇങ്ങനെ രജിസ്റ്റർ ചെയ്ത വനിതാ യൂണിറ്റുകൾക്ക് സംരംഭകത്വ വികസനത്തിനും വനിതാ സംരംഭങ്ങൾക്കുള്ള ഒറ്റത്തവണ സാമ്പത്തിക സഹായത്തിനും, കൂടാതെ ഫ്രഷ് അപ്പ് ഹോംസ്, വനിതാ ആർടി ക്ലബ് തുടങ്ങിയ സംരംഭങ്ങൾക്കുമാണ് സാമ്പത്തിക സഹായം ലഭ്യമാകുക. സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 15 ആണ്.

 

 

അതോടൊപ്പം ടൂറിസം വകുപ്പ് ക്ലാസിഫൈ ചെയ്തതും ടൂറിസം മിഷൻ സൊസൈറ്റിയുടെ രജിസ്റ്റർ ചെയ്തതുമായ ഹോംസ്റ്റേകൾക്കും എക്സ്പീരിയൻസ് എത്‍നിക് ക്യുസിൻ യൂണിറ്റുകൾക്കും പദ്ധതിയിൽ അപേക്ഷിക്കാം. ഗ്രാമീണ സന്ദർശന പാക്കേജുകൾ നടത്തിവരുന്ന വീടുകൾ, ഫാം സ്റ്റേ തുടങ്ങിയ സംരംഭങ്ങൾക്കും ഈ സഹായം ഉപയോഗപ്പെടുത്താനാകും. ഫ്രഷ് അപ്പ് ഹോംസ് സ്ഥാപിക്കുന്നതിന് ഏകദേശം 50 യൂണിറ്റുകൾക്ക് 25,000 രൂപ വീതം (രണ്ട് ഗഡുക്കളായി) നൽകും.
സുവനീർ/കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകൾ, എത്നിക് ഫുഡ് റസ്റ്റോറൻറുകൾ എന്നിവ സ്ഥാപിക്കുന്നതുൾപ്പെടെ സംരംഭകത്വ വികസന വിഭാഗത്തിൽ ഉള്ള വനിതാ യൂണിറ്റുകൾക്കും സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. ഒരു യൂണിറ്റിന് പരമാവധി 50,000 രൂപ വരെ ലഭിക്കുക.

Advertisements

 

സഹായം ലഭിക്കുന്നതിനായി ഓരോ ക്ലബ്ബും പ്രത്യേകമായി പദ്ധതിരേഖ സമർപ്പിക്കണം. ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്ത് ഒരു വർഷം പൂർത്തിയാക്കിയ സ്ത്രീ സംരംഭങ്ങൾക്ക് ഒറ്റത്തവണ ധനസഹായം ലഭിക്കും. ഓരോ ജില്ലയിൽ നിന്നും പത്ത് യൂണിറ്റുകൾക്ക് പതിനായിരം രൂപ വീതമാണ് ലഭിക്കുക. കൂടുതൽ വിവരങ്ങൾ https://www.keralatourism.org/responsible-tourism/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും. വിലാസം: കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി, ടൂറിസം വകുപ്പ്, പാർക്ക് വ്യൂ, തിരുവനന്തപുരം- 695033. ഫോൺ: 0471 2334749.

Share news