ഒരു മണിക്കൂറിനുള്ളിൽ 733 പുൾ-അപ്പുകൾ; ലോക റെക്കോർഡ് തകർത്ത് ഓസ്ട്രേലിയൻ വനിതാ പോലീസ് ഓഫീസർ

.
ഒരു മണിക്കൂറിനുള്ളിൽ 733 പുൾ-അപ്പുകൾ എടുത്ത് ഒരു ദശാബ്ദത്തോളം പഴക്കമുള്ള ലോക റെക്കോർഡ് തകർത്ത് ഓസ്ട്രേലിയൻ വനിതാ പോലീസ് ഓഫീസർ. ജേഡ് ഹെൻഡേഴ്സൺ ഓഗസ്റ്റ് 22-ന് ഗോൾഡ് കോസ്റ്റിലാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ഒരു മണിക്കൂറിനുള്ളിൽ 733 പുൾ-അപ്പുകൾ ആണ് ജേഡ് ഹെൻഡേഴ്സൺ വിജയകരമായി പൂർത്തിയാക്കിയത്. ഈ കണക്ക് പ്രകാരം, അവർ മിനിറ്റിൽ 12-ൽ അധികം പുൾ-അപ്പുകൾ ചെയ്തുവെന്നാണ്.

സ്വന്തം ശാരീരികവും മാനസികവുമായ പരിധികൾ പരീക്ഷിക്കുന്നതിനുള്ള ഒരു മാർഗമായാണ് ഹെൻഡേഴ്സൺ കഠിനമായ വെല്ലുവിളി ഏറ്റെടുത്തത്. 2016-ൽ ഓസ്ട്രേലിയയിലെ സഹപ്രവർത്തകയായ ഇവാ ക്ലാർക്ക് സ്ഥാപിച്ച 725 പുൾ-അപ്പുകൾ എന്ന മുൻ റെക്കോർഡ് ആണ് അവർ മറികടന്നത്.

ഹെൻഡേഴ്സൺ ആദ്യം 24 മണിക്കൂർ റെക്കോർഡ് ശ്രമിക്കാനാണ് പദ്ധതിയിട്ടിരുന്നത്. നിലവിൽ ഒലിവിയ വിൻസൺ (ഓസ്ട്രേലിയ) 7,079 പുൾ-അപ്പുകളോടെയാണ് ഈ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ പരിശീലനത്തിനിടെയുണ്ടായ പരിക്ക് കാരണം അവർക്ക് തന്ത്രം മാറ്റേണ്ടിവന്നു. “ഏപ്രിലിൽ, 24 മണിക്കൂർ റെക്കോർഡ് ശ്രമിക്കുന്നതിന് മുമ്പുള്ള എന്റെ അവസാന പരിശീലന സെഷനായിരുന്നു അത്, 12 മണിക്കൂറിനുള്ളിൽ 3,500 പുൾ-അപ്പുകൾ ചെയ്യുകയും എന്റെ ബൈസെപ് കീറുകയും ചെയ്തു. ബൈസെപ് ടെൻഡണിനും പേശിക്കും ഭാഗികമായി കീറിപ്പോയിരുന്നു,” അവർ വിശദീകരിച്ചു.

ഈ സംഭവത്തിന് ശേഷം പുൾ-അപ്പുകൾ വീണ്ടും ചെയ്യാൻ കഴിയുന്നതിന് മുമ്പ് ആറ് ആഴ്ചയോളം കൈക്ക് വിശ്രമം നൽകേണ്ടി വന്നു. കൂടുതൽ പരിക്കുകൾ ഒഴിവാക്കുന്നതിനായി, ജേഡ് ഹെൻഡേഴ്സൺ ഒരു മണിക്കൂർ റെക്കോർഡിലേക്ക് ശ്രദ്ധ തിരിച്ചു. പുതിയ റെക്കോർഡ് നേടിയ ശേഷം, തന്റെ നേട്ടം മറ്റുള്ളവർക്ക് സ്വന്തം അതിരുകൾ മറികടക്കാനും അവരുടെ പൂർണ്ണ ശേഷി കൈവരിക്കാനും പ്രചോദനമാകുമെന്ന് ഹെൻഡേഴ്സൺ പറഞ്ഞു.
