പരിസ്ഥിതിയെ തകർക്കുന്നവരെ ജയിലിലടയ്ക്കണം, മുഖ്യമന്ത്രിക്ക് കത്തുകളുമായി വിദ്യാർത്ഥികൾ

ചിങ്ങപുരം: പരിസ്ഥിതിയെ നശിപ്പിക്കുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ലോക തപാൽ ദിനത്തിൽ വന്മുകം – എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ചിങ്ങപുരം പോസ്റ്റോഫീസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് കത്തുകളയച്ചു. മൂന്ന്, നാല് ക്ലാസുകളിലെ പരിസര പഠനം പാഠഭാഗത്ത് പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് ചർച്ച നടന്നതിൻ്റെ അടിസ്ഥാനത്തിലാണ് കത്ത് അയച്ചത്.
.

.
പ്രകൃതിയിൽ മനുഷ്യൻ്റെ അനിയന്ത്രിതമായ ഇടപെടൽ മൂലമുണ്ടാകുന്ന കുന്നിടിക്കൽ, വയൽ നികത്തൽ, കാട് നശിപ്പിക്കൽ, വിവിധ മാലിന്യ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖം നോക്കാതെ ശക്തമായ വകുപ്പുകൾ ചേർത്ത് കേസെടുത്ത് ഇത്തരക്കാരെ ജയിലിലടയ്ക്കണമെന്ന്
കുട്ടികൾ കത്തിലൂടെ ചൂണ്ടിക്കാട്ടി. കത്ത് പോസ്റ്റ് ചെയ്ത ശേഷം ചിങ്ങപുരം പോസ്റ്റോഫീസിലെ പോസ്റ്റ് മാസ്റ്റർ വി.വി. സിനിയുമായി പോസ്റ്റോഫീസിലെ പ്രവർത്തനങ്ങളെ കുറിച്ച് കുട്ടികൾ സംവദിച്ചു.
.

.
സ്കൂൾ ലീഡർ എം.കെ. വേദ ആദ്യ കത്ത് പോസ്റ്റ് ബോക്സിൽ പോസ്റ്റ് ചെയ്തു. സ്കൂൾ ഡെപ്യൂട്ടി ലീഡർ സി.കെ. റയ്ഹാൻ,എ.കെ. ത്രിജൽ, എസ്. ആദിഷ് മുഹമ്മദ് നഹ്യാൻ, എസ്. അദ്വിത, പി. നൂറുൽ ഫിദ, പി.കെ. അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.
