ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്ണപ്പൂശല്: ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി പി രാജീവ്

ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വര്‍ണ്ണം പൂശലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി പി രാജീവ് നിയമസഭയില്‍ പറഞ്ഞു. ഏത് അന്വേഷണത്തെയും ദേവസം ബോര്‍ഡും ദേവസ്വം മന്ത്രിയും സ്വാഗതം ചെയ്തുവെന്നും ഹൈക്കോടതിയെ അംഗീകരിക്കാത്ത പ്രതിപക്ഷ നാടകം സങ്കുചിതമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം നിയമസഭയിലെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ താൽകാലികമായി നിര്‍ത്തിവെച്ചു. നിര്‍ണായകമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്ന പ്രതിപക്ഷരീതി ശരിയല്ലെന്ന് ഭരണപക്ഷം ചൂണ്ടിക്കാട്ടി.

നേരത്തെ, ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വര്‍ണ്ണം പൂശലുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി മുന്‍ ദേവസ്വം പ്രസിഡണ്ട് എന്‍ വാസു രംഗത്തെത്തിയിരുന്നു. ദ്വാരപാലക കൊണ്ടുപോകുന്നതും പുനഃസ്ഥാപിക്കുന്നതും എന്റെ കാലത്തല്ലെന്ന് എന്‍ വാസു പറഞ്ഞു. ഉണ്ണിക്കൃഷ്ണന് പോറ്റിയെ കണ്ടിട്ടുണ്ട്. പക്ഷേ എന്നെ ഒരു കാര്യത്തിലും സമീപിച്ചിട്ടില്ല. ഉണ്ണിക്കൃഷ്ണന് പോറ്റിയെ സംബന്ധിച്ച് സംശയം ഉണ്ടാകുന്നത് ഇപ്പോഴാണ് എന്നും അദ്ദേഹം പറഞ്ഞു. ദ്വാരപാലക ശില്പങ്ങള് ഇളക്കി കൊണ്ടുപോകുന്നതും തിരികെ സ്ഥാപിക്കുന്നതും എന്റെ കാലത്ത് അല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ഉണ്ണികൃഷ്ണന് പോറ്റിയെ കണ്ടിട്ടുണ്ട്. സ്പോണ്സര് എന്ന നിലയില്‍ കേട്ടിട്ടുണ്ട്. അല്ലാതെ വ്യക്തിപരമായി അറിയില്ലെന്നും എന്‍ വാസു വ്യക്തമാക്കി. ശബരിമലയിലെ സ്വര്‍ണമാണെന്ന് മെയില്‍ ലഭിച്ചപ്പോള്‍ ക്ലാരിറ്റി ലഭിച്ചില്ലായിരുന്നു. മെയിലില്‍ അനുമതി അല്ല ഉണ്ണികൃഷ്ണന് പോറ്റി ചോദിച്ചതെന്നും ഉപദേശം ആണ് തേടിയതെന്നും അദ്ദേഹം പറഞ്ഞു.

