ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണം പൂശൽ വിവാദം: പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി

ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണം പൂശൽ വിവാദത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. എഡിജിപി എച്ച് വെങ്കിടേഷ് അധ്യക്ഷനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കോടതി ഉത്തരവിറക്കി. വിപുലമായ അന്വേഷണം നടത്താൻ കോടതി നിർദേശിച്ചു. എസ്പിക്കാണ് അന്വേഷണ ചുമതല. ഹൈക്കോടതി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. രണ്ട് ആഴ്ചക്കുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.

ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണം പൂശൽ വിവാദവുമായി ബന്ധപ്പെട്ട് 2019 ൽ കൊണ്ടുപോയ സ്വർണപ്പാളി മാറ്റിയത് ഉണ്ണികൃഷ്ണൻ പോറ്റി തന്നെയെന്ന ദേവസ്വം വിജിലൻസിന്റെ കണ്ടെത്തലിനു പിന്നാലെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലെത്തിച്ചത് ചെമ്പ് പാളിയെന്നും തിരികെ ശബരിമലയിലെത്തിച്ചതും ചെമ്പ് പാളിയെന്നുമാണ് കണ്ടെത്തലുകൾ. 2019 ന് മുൻപുള്ള സ്വർണ്ണ പാളിയുടെ ചിത്രങ്ങൾ നോക്കിയാണ് നിഗമനം. 2019 ൽ കൊടുത്തുവിട്ടത് സ്വർണ്ണപ്പാളികളെന്നും ദേവസ്വം വിജിലൻസ് കണ്ടെത്തി.

