ആലുവയില്‍ നാല് വയസുകാരിയുടെ കൊലപാതകം; കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു

ആലുവയില്‍ നാല് വയസുകാരിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു. കുട്ടിയുടെ അമ്മ മാത്രമാണ് കേസിലെ പ്രതി. ചെങ്ങമനാട് പോലീസ് ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 101 സാക്ഷികളുണ്ട്.

2025 മെയ് 19 നാണ് മൂഴിക്കുളം പാലത്തിനു മുകളില്‍ നിന്ന് കുട്ടിയെ പുഴയിലേക്ക് എറിഞ്ഞു അമ്മ കൊലപ്പെടുത്തിയത്. കുട്ടിയെ പീഡിപ്പിച്ച ചെറിയച്ഛനെതിരെയും പോക്‌സോ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പുത്തന്‍കുരിശ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത് മൂവാറ്റുപുഴ പോക്‌സോ കോടതിയിലാണ്. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസില്‍ നിര്‍ണായകമായത്. ആലുവയില്‍ നിന്ന് കുട്ടിയെ കാണാതായി എന്നായിരുന്നു അമ്മ ആദ്യം പൊലീസിന് നല്‍കിയ മൊഴി. പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടിയുമായി സന്ധ്യ ആലുവയില്‍ ബസ് ഇറങ്ങിയെന്ന് വ്യക്തമായി. തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ
ചോദ്യം ചെയ്യലില്‍ കുട്ടിയെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി പൊലീസിനോട് വ്യക്തമാക്കുകയായിരുന്നു. പുഴയില്‍ നിന്നും മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

