KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകൾ കൂടി ഉടൻ യാഥാർത്ഥ്യമാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് അഞ്ചു പുതിയ ദേശീയപാതകള്‍ കൂടി യാഥാർത്ഥ്യമാകുവാൻ പോവുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയോടൊപ്പം കേന്ദ്രഉപരിതല ഗതാഗതമന്ത്രിയെ ഡൽഹിയിൽ സന്ദര്‍ശിച്ച ഘട്ടത്തിൽ കൂടുതല്‍ പാതകള്‍ ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തണം എന്ന സംസ്ഥാന സർക്കാരിൻ്റെ നിലപാട് അറിയിച്ചിരുന്നു. അതിനുള്ള വിശദമായ നിര്‍ദ്ദേശവും സംസ്ഥാന സർക്കാർ സമര്‍പ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അഞ്ചു പുതിയ ദേശീയപാതകളുടെ പദ്ധതി രേഖ തയ്യാറാക്കുവാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളതെന്ന് മന്ത്രി റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

ദീർഘകാലത്തെ മലബാറിലെ ജനങ്ങളുടെ ആവശ്യമായിരുന്ന രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ് സംസ്ഥാന സർക്കാരിൻ്റെ തുടർച്ചയായ ഇടപെടലിൻ്റെ ഭാഗമായി ദേശീയപാതാ നിലവാരത്തിലേക്ക് ഉയർത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. കൂടാതെ കണ്ണൂര്‍ വിമാനത്താവള റോഡ് (ചൊവ്വ – മട്ടന്നൂര്‍) ,കൊടൂങ്ങല്ലൂര്‍ – അങ്കമാലി, വൈപ്പിന്‍ – മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവയും ദേശീയപാതാ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചിട്ടുണ്ട്. അതോടൊപ്പം കൊച്ചി – മധുര ദേശീയപാതയില്‍ കോതമംഗലം, മൂവാറ്റുപുഴ ബൈപാസ് നിർമാണത്തിനുള്ള പദ്ധതി രേഖയും തയ്യാറാക്കുകയാണ്.

 

ജനങ്ങളുടെ ദീർഘകാലത്തെ സ്വപ്നമാണ് ഈ പാതകളുടെ വികസനം. ഇത് യാഥാർത്ഥ്യമാക്കുവാൻ എല്ലാ സഹായവും നൽകിയ ബഹുമാനപ്പെട്ട കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയോടും ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനോടും പൊതുമരാമത്ത് വകുപ്പിൻ്റെ നന്ദി അറിയിക്കുന്നുവെന്നും റിയാസ് അറിയിച്ചു.

Advertisements
Share news