ആലപ്പുഴയിൽ 18കാരിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ

ആലപ്പുഴയിൽ പതിനെട്ടു വയസുകാരിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം. ഇന്നലെ വൈകിട്ടാണ് അക്രമം. സംഭവത്തിൽ ആലപ്പുഴ സ്വദേശി ജോസിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ കുടുംബവുമായി ജോസിനുണ്ടായിരുന്ന മുൻ വൈരാഗ്യമാണ് അക്രമ കാരണം. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ പെൺകുട്ടി വീട്ടിൽ ഒറ്റക്കെന്ന് മനസ്സിലാക്കിയ ജോസ് പെട്രോളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്താൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി ഓടി രക്ഷപെടുകയായിരുന്നു. സംഭവത്തിനു പിന്നാലെ ജോസിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ വീടിന് സമീപത്തുള്ള സ്ഥലത്ത് താൽകാലിക ഷെഡ് കെട്ടിയാണ് ജോസിന്റെ താമസം. സ്ഥിരം മദ്യപാനിയായ ഇയാളുടെ പേരിൽ വേറെയും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

