സിപിഐഎം നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം കോടിയേരി അനുസ്മരണ പരിപാടികള്‍

സിപിഐഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്‍ വിട പറഞ്ഞിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം. ചരിത്രത്തിലേക്ക് വിട വാങ്ങിയെങ്കിലും ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുകയാണ് പ്രിയ നേതാവ്. കോടിയേരിയുടെ അമരസ്മരണയില്‍ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു.

സംഘപരിവാര്‍ കടന്നാക്രമണങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പ് പോരാട്ടത്തിന്റെ ശില്പിയായിരുന്നു സഖാവ് കോടിയേരി എന്ന് അനുസരണ ചടങ്ങില്‍ പതാക ഉയര്‍ത്തിയതിനു ശേഷം ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ ദിനാചരണത്തോടനുബന്ധിച്ച് എകെജി സെന്ററില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണന്‍ പതാക ഉയര്‍ത്തി. കേന്ദ്ര കമ്മറ്റി അംഗം കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സി എന്‍ മോഹനന്‍, എംവി ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസായ കല്‍പ്പറ്റ എ കെ ജി ഭവനില്‍ ജില്ലാ സെക്രട്ടറി കെ റഫീഖ് പതാക ഉയര്‍ത്തി. സംസ്ഥാന കമ്മിറ്റിയംഗം സി. കെ ശശീന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗം കെ സുഗതന്‍, ലോക്കല്‍ സെക്രട്ടറിമാരായ പി കെ ബാബുരാജ്, പി. കെ അബു, ബ്രാഞ്ച് സെക്രട്ടറി മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു. സിപിഐ(എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറി വി ജോയ് എംഎല്‍എ പതാക ഉയര്‍ത്തി. പാലക്കാട് ജില്ലാകമ്മിറ്റി ഓഫീസില്‍ സിപിഐ എം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ്ബാബു പതാക ഉയര്‍ത്തി.

