ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊന്ന കേസിൽ അമ്മ അറസ്റ്റില്‍

ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊന്ന കേസിൽ അമ്മ അറസ്റ്റില്‍. ശ്രീതുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിൽ നിന്നാണ് ബാലരാമപുരം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ശ്രീതുവിനെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. നേരത്തേ ശ്രീതുവിനെ കൊലപാതകത്തില്‍ പ്രതി ചേര്‍ത്തിരുന്നില്ല. സഹോദരന്‍ ഹരികുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീതുവിനെ പ്രതി ചേര്‍ത്തത്. കേസില്‍ ഒന്നാം പ്രതിയാണ് ഹരികുമാര്‍.

ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവെന്ന് ഹരികുമാർ കഴിഞ്ഞ ജൂണിൽ മൊഴി നൽകിയിരുന്നു. ജയില്‍ സന്ദര്‍ശനത്തിന് പോയപ്പോള്‍ പ്രതി ഉറക്കെ ഇക്കാര്യം വിളിച്ചു പറയുകയായിരുന്നു. ശ്രീതു ഇക്കാര്യം നിഷേധിച്ചിരുന്നു. തുടർന്ന് ദേവേന്ദുവിന്റെ മാതാവിനെയും അമ്മാവനെയും നുണ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.

ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസുമുണ്ട്. വ്യാജ നിയമന ഉത്തരവ് തയാറാക്കാന്‍ ശ്രീതുവിന് പുറത്തുനിന്നു സഹായം കിട്ടിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പരാതിക്കാരനായ ഷിജുവിനെ ദേവസ്വം ബോര്‍ഡില്‍ ഡ്രൈവറായി നിയമിച്ചു കൊണ്ടുള്ള ഉത്തരവാണ് തയ്യാറാക്കിയത്. ദേവസ്വം സെക്ഷന്‍ ഓഫിസര്‍ എന്ന പേരിലാണ് ശ്രീതു ഇത് തയ്യാറാക്കിയത്.

