ഓപ്പറേഷന്‍ നുംഖോര്‍: നടന്‍ അമിത് ചക്കാലക്കലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

ഭൂട്ടാനില്‍ നിന്നും നികുതിയടയ്ക്കാതെ ആഡംബര കാറുകള്‍ ഇന്ത്യയിലെത്തിച്ച് വില്‍പന നടത്തിയ കേസില്‍ നടന്‍ അമിത് ചക്കാലക്കലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. നടനെ നോട്ടീസ് നല്‍കി വിളിച്ചു വരുത്തുമെന്നാണ് വിവരം. അസം സ്വദേശിയായ മാഹിന്‍ അന്‍സാരി എന്നയാളെ കുറിച്ചും കസ്റ്റംസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കൊച്ചി കുണ്ടന്നൂരില്‍ നിന്നും ഇന്നലെ പിടികൂടിയ ലാന്‍ഡ് ക്രൂയിസര്‍ തന്റെ ഉടമസ്ഥതയിലുള്ള വണ്ടിയെന്ന് നടന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ലാന്‍ഡ് ക്രൂയിസര്‍ അരുണാചല്‍ പ്രദേശിലാണ് രജിസ്റ്റര്‍ ചെയ്തത്. 1999ല്‍ രജിസ്റ്റര്‍ ചെയ്തത വണ്ടിയാണത്. ഏഴോളം വാഹനങ്ങള്‍ ഗ്യാരേജില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു വാഹനം മാത്രമാണ് നടന്റെ ഉടമസ്ഥതയിലുള്ളതെന്നാണ് വിവരം.

തന്റെ കയ്യിലുള്ള വാഹനങ്ങള്‍ കടത്തിക്കൊണ്ടു വന്നതല്ലെന്നും നിയമപരമായി രജിസ്റ്റര്‍ ചെയ്തതാണ്. കസ്റ്റംസ് സംശയം പ്രകടിപ്പിച്ചാല്‍ നിയമപരമായി തെളിയിക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്നും നടന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

