KOYILANDY DIARY.COM

The Perfect News Portal

സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാകാൻ കാഴ്‌ചപ്പാടിൽ മാറ്റം വേണം; പി സതീദേവി

കോഴിക്കോട്‌ ശക്തമായ നിയമങ്ങളുണ്ടെങ്കിലും സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാകാൻ കാഴ്‌ചപ്പാടിൽ മാറ്റം വന്നേ മതിയാകൂവെന്ന് വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. സാക്ഷരത കൈവരിച്ചതിൽ നമുക്ക് അഭിമാനിക്കാമെങ്കിലും ആ സാമൂഹ്യാന്തരീക്ഷത്തിന് പോറൽ ഏൽപ്പിക്കുന്ന പലതും ഇന്ന് നടക്കുന്നുണ്ട്‌. കേരള വനിതാ കമീഷൻ, കേരള പത്രപ്രവര്‍ത്തക യൂണിയൻ കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് പോഷ് ആക്ട് 2013 എന്ന സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.

തൊഴിലിടങ്ങൾ കൂടുതൽ സ്‌ത്രീ സൗഹൃദമാകേണ്ടതുണ്ട്. സര്‍വംസഹകളെ ഉത്തമ സ്‌ത്രീകളായി കാണുന്ന പ്രവണത ഇപ്പോഴും നിലനിൽക്കുന്നു. തങ്ങൾക്ക് അവകാശങ്ങൾ ഉണ്ടെന്ന ബോധ്യം തൊഴിലിടത്ത് സ്‌ത്രീകൾക്കും അവര്‍ക്ക് പ്രത്യേക പരിരക്ഷയുണ്ടെന്ന ധാരണ സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടാകേണ്ടതുണ്ട്. ലൈംഗിക ന്യൂനപക്ഷങ്ങളുടെയടക്കം അവകാശങ്ങൾ സംരക്ഷിക്കുമ്പോഴാണ് ലിംഗനീതി നടപ്പാകുന്നത്. മാധ്യമ മേഖലയിൽ കൂടുതൽ പെൺകുട്ടികൾ കടന്നുവരുന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്നും അവർ പറഞ്ഞു.

 

കലിക്കറ്റ് പ്രസ് ക്ലബ്ബിൽ നടന്ന സെമിനാറിൽ പ്രസ് ക്ലബ് പ്രസിഡണ്ട് ഇ പി മുഹമ്മദ് അധ്യക്ഷനായി. ജില്ലാ ഇൻഫര്‍മേഷൻ ഓഫീസർ സി പി അബ്ദുൾ കരീം, കേരള വനിതാ കമീഷൻ പിആര്‍ഒ ജി എസ് വിനോദ്, കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റെജി ആര്‍ നായര്‍, എം കെ സുഹൈല എന്നിവര്‍ സംസാരിച്ചു. ലീഗൽ കം പ്രൊബേഷൻ ഓഫീസര്‍ വി എൽ അനീഷ വിഷയത്തിൽ ക്ലാസെടുത്തു. പ്രസ് ക്ലബ് സെക്രട്ടറി പി കെ സജിത് സ്വാഗതവും വൈസ് പ്രസിഡണ്ട് കെ എസ് രേഷ്മ നന്ദിയും പറഞ്ഞു. 

Advertisements
Share news