ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യുന്നവർ ഓഡിയോ ഓൺ ആക്കി യാത്രചെയ്യാൻ മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യുന്നവർ ഓഡിയോ ഓൺ ആക്കി യാത്രചെയ്യാൻ മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ ഡാഷ്ബോർഡിലോ മൊബൈൽ സ്‌ക്രീനിലോ ഓപ്പൺ ആയിരിക്കുന്ന നാവിഗേഷൻ ആപ്പിന്റെ ഓഡിയോ ഓഫ് ആക്കി ആയിരിക്കും മിക്കവാറും യാത്ര ചെയ്യുന്നത്. അപരിചിതമായ ഒരു സ്ഥലത്തേക്ക് പോകുമ്പോൾ ഇത്തരത്തിൽ മാപ്പിനെ ആശ്രയിക്കാതിരിക്കാനും പറ്റില്ല. എന്നാൽ ഓഡിയോ ഓഫ് ആക്കി യാത്ര ചെയ്യുമ്പോൾ നിങ്ങൾ നിരന്തരം സ്‌ക്രീനിലോ ഡാഷ്ബോർഡിലോ നോക്കി വഴി മനസിലാക്കേണ്ടി വരും. ഇത് നിങ്ങളുടെ ശ്രദ്ധയെ ഡ്രൈവിങ്ങിൽ നിന്ന് തെറ്റിക്കാൻ കാരണമാക്കും.

എന്നാൽ ഓഡിയോ ഓൺ ആയി ഇരിക്കുന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന ട്രാഫിക് തടസങ്ങളോ വഴിയോ ഒക്കെ മുൻകൂട്ടി അറിയാൻ നിങ്ങളെ സഹായിക്കും. വഴി തെറ്റിപ്പോയാലോ എന്ന് ‘ഭയന്ന് നിരന്തരം ഡ്രൈവിങ്ങിൽ നിന്ന് ശ്രദ്ധ തിരിച്ച് സ്‌ക്രീനിൽ നോക്കേണ്ട സാഹചര്യം ഒഴിവാക്കാം. പകരം ഓഡിയോ സന്ദേശമായി നാവിഗേഷൻ മാപ്പിലെ വിവരങ്ങൾ അറിയാൻ സാധിക്കും. നാവിഗേഷൻ മാപ്പുകളെ ആശ്രയിച്ച് യാത്ര ചെയ്യുമ്പോൾ ഓഡിയോ ഓഫ് ചെയ്ത് സഞ്ചരിക്കാതിരിക്കാൻ ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പ് മോട്ടോർ വാഹന വകുപ്പ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

