കള്ളവണ്ടി കയറിയാൽ ഉടനെ പണി കിട്ടും: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടിക്കാൻ പ്രത്യേക പരിശോധനാ സംഘം

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് പൂട്ടിടാൻ റെയിൽവേയുടെ പ്രത്യേക പരിശോധന. ഇന്നലെ ഷൊർണൂർ-നിലമ്പൂർ റെയിൽവേ ലൈനിൽ നടത്തിയ പരിശോധനയിൽ മാത്രം ടിക്കറ്റില്ലാതെ യാത്ര ചെയ്ത 294 പേരെ പിടികൂടുകയും ഇവരിൽ നിന്ന് 95,225 രൂപ പിഴയായി ഈടാക്കുകയും ചെയ്തു.

പാലക്കാട് ഡിവിഷൻ പ്രത്യേക ടിക്കറ്റ് പരിശോധന യജ്ഞത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്), റെയിൽവേ പോലീസ് (ജിആർപി), കൊമേഴ്‌സ്യൽ ഡിപ്പാർട്ട്‌മെന്റ് എന്നിവർ സംയുക്തമായി പങ്കെടുത്തു.

രാജ്യറാണി എക്സ്പ്രസ് (16349), കോട്ടയം നിലമ്പൂർ എക്സ്പ്രസ് (16326) പാസഞ്ചർ ട്രെയിനുകൾ (56612, 66325, 56322, 56323, 56610, 56607) എന്നിങ്ങനെ നിരവധി സർവീസുകളിലാണ് ഇന്നലെ ടിക്കറ്റ് പരിശോധന ഡ്രൈവ് നടത്തിയത്.

ഇത്തരത്തിലുള്ള സ്‌പെഷ്യൽ ഡ്രൈവുകൾ കൊണ്ട് എല്ലാ യാത്രക്കാർക്കും സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാമെന്നും, റെയിൽവേ ശൃംഖലയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ സാധിക്കുമെന്നും റെയിൽവേ അധികൃതർ പറഞ്ഞു. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും റെയിൽവേ അധികൃതർ കൂട്ടിച്ചേർത്തു.

യാത്രക്കാർ ടിക്കറ്റുമായി യാത്ര ചെയ്യാനും, പരിശോധനയിൽ റെയിൽവേ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും റെയിൽവേ അഭ്യർത്ഥിച്ചു. സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും റെയിൽവേ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനുമായി ഇത്തരം പരിശോധനകൾ തുടർന്ന് നടത്തുമെന്നും റെയിൽവേ അറിയിച്ചു.
