വിജിൽ നരഹത്യ കേസ്: പ്രതികൾക്കായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും

കോഴിക്കോട് വിജിൽ നരഹത്യ കേസിൽ റിമാൻഡിൽ കഴിയുന്ന 3 പ്രതികൾക്കായി എലത്തൂർ പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കൊയിലാണ്ടി കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകുക. ശനിയാഴ്ച, തെലുങ്കാന ഖമ്മത്ത് നിന്ന് പിടിയിലായ രഞ്ജിത്തിനെ ഇന്നലെ കോടതി റിമാൻഡ് ചെയ്തിരുന്നു.

സരോവരത്തെ ചതുപ്പിൽ നിന്ന് ലഭിച്ച വിജിലിൻ്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടത്തിൽ നിന്നുള്ള DNA സാമ്പിളുകൾ പരിശോധനയ്ക്കായി കണ്ണൂരിലെ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 2019 മാർച്ച് 24നാണ് കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി വിജിലിനെ കാണാതായത്. അമിത അളവിൽ ബ്രൗൺഷുഗർ കുത്തിവെച്ചതാണ് വിജിൽ മരിക്കാൻ കാരണമെന്നായിരുന്നു സുഹൃത്തുക്കളായ പ്രതികളുടെ മൊഴി.

