സൈബർ ആക്രമണം; മുഖ്യമന്ത്രിക്ക് പരാതി നൽകി റിനി ആൻ ജോർജ്

സൈബർ ആക്രമണങ്ങളിൽ പരാതിയുമായി നടി റിനി ആൻ ജോർജ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും ആണ് നടി പരാതി നൽകിയത്. സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ പ്രചാരണം നടത്തുന്നുവെന്നാണ് പരാതി. രാഹുൽ ഈശ്വറിനെതിരെയും ഷാജൻ സ്കറിയക്കെതിരെയും പരാതി. യൂട്യൂബ്, ഫേസ് ബുക്ക് വീഡിയോകളുടെ ലിങ്കുകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.

യുവനേതാവിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടായത്. യൂത്ത് കോൺഗ്രസ് നേതാവിനെതിരായ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞു പോകുന്നവയല്ലെന്ന് താരം പ്രതികരിച്ചിരുന്നു.

പോരാട്ടം തുടരുമെന്നും അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. നിയമപരമായി മുന്നോട്ട് പോകുന്നില്ല എന്ന് നേരത്തേ വ്യക്തമാക്കിയതാണ്, അതിനർത്ഥം പോരാട്ടം അവസാനിപ്പിച്ച് എല്ലാം പൂട്ടിക്കെട്ടി പോയി എന്നല്ല. തനിക്കെതിരെയുള്ള സൈബർ അറ്റാക്ക് ബഹുമതിയായി കാണുന്നുവെന്നും റിനി കുറിച്ചു.

ഉന്നയിച്ച കാര്യങ്ങൾ കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണല്ലോ ഈ പെയ്ഡ് ആക്രമണം എന്നും റിനി പറഞ്ഞു. അതിജീവിതയായ പെണ്‍കുട്ടിയോട് ധൈര്യമായി പുറത്തുവരാനും ഉണ്ടായ വേദനകള്‍ തുറന്നു പറയാനും ധൈര്യം നൽകിക്കൊണ്ട് റിനി മുമ്പ് ഇട്ട പോസ്റ്റും ഏറെ ചർച്ചയായിരുന്നു.

