കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു

കുറ്റ്യാടി: കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. നിട്ടൂർ ഞള്ളോറ പൊന്നേലായി ഷുഹൈബ് (35) ആണ് പരിക്കേറ്റത്. കൈക്കും കഴുത്തിനും പരിക്കേറ്റ ഷുഹൈബിനെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ സുഹൃത്തിന്റെ വീട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തൊട്ടടുത്ത പറമ്പിൽനിന്നും പന്നി കുതിച്ചെത്തി ആക്രമിക്കുകയായിരുന്നു. നിട്ടൂർ പ്രദേശത്ത് കാട്ടുപന്നികൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്നതിനാൽ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

