രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ പരാതിയിൽ ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുപ്പ് തുടങ്ങി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ പരാതിയിൽ പരാതിക്കാരുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. ആദ്യം അഡ്വ. ഷിന്റോയുടെ മൊഴിയായിരിക്കും രേഖപ്പെടുത്തുക. ജവഹർ നഗർ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ഷിന്റോയുടെ മൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ബാക്കിയുള്ളവരുടെ മൊഴി എടുക്കൽ നടക്കുക. രാഹുലിനെതിരെ കേസെടുക്കണമെന്ന് പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണക്കേസിൽ കോൺഗ്രസ് നിലപാട് മയപ്പെടുത്തുകയാണ്. രാഹുലിന്റെ എംഎൽഎ സ്ഥാനത്തിൽ രാജി വേണ്ടെന്നാണ് കൂടുതൽ നേതാക്കളുടെയും ആവശ്യം. എംഎൽഎയുടെ അവകാശം വിനിയോഗിക്കപ്പെടണമെന്ന് അടൂർ പ്രകാശും പ്രതികരിച്ചു. കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് എംഎം ഹസ്സനും പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അനുകൂലിച്ചും പൊലീസിനെ പരിഹസിച്ചുമായിരുന്നു എംഎം ഹസ്സൻ്റെ പ്രതികരണം.
അമ്മി കൊത്താൻ ഉണ്ടോ എന്ന് ചോദിക്കും പോലെ പരാതിക്കാർ ഉണ്ടോ എന്ന് ചോദിക്കുകയാണ് പൊലീസ് എന്നായിരുന്നു പരിഹസിച്ചിരുന്നത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ട് പ്രതിഷേധങ്ങൾ തുടരുകയാണ്.
