അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചു

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചു. മൂന്ന് മാസം പ്രായമായ കുഞ്ഞും മലപ്പുറം സ്വദേശിനിയായ 52 കാരിയുമാണ് മരിച്ചത്. കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. കഴിഞ്ഞ 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആണ്‍ കുഞ്ഞ്. മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശി റംലയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ഒന്നരമാസമായി ചികിത്സയിലായിരുന്നു റംല.

കിണറ്റിൽനിന്നുള്ള വെള്ളത്തിൽ നിന്നാണ് കുഞ്ഞിന് രോഗം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. സാമ്പിള്‍ പരിശോധനയില്‍ കിണറ്റിലെ വെള്ളത്തിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിരുന്നു. ജൂലായ് ഏഴിന് രോഗം ബാധിച്ച റംല തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും, വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടിയിരുന്നു. പിന്നീട് രോഗം മൂര്‍ച്ഛിച്ചതോടെ ആഗസ്ത് നാലിന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

