KOYILANDY DIARY.COM

The Perfect News Portal

ആലപ്പുഴയിൽ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം; രണ്ടാം പാപ്പാന് ​ഗുരുതര പരുക്ക്

ആലപ്പുഴ ഹരിപ്പാട് ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. തെങ്ങമം സ്വദേശി മുരളീധരൻ നായർ ആണ് മരിച്ചത്. പരുക്കേറ്റ രണ്ടാം പാപ്പാന്റെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്കന്ദൻ എന്ന ആന ഇടഞ്ഞത്. മാർച്ച് മുതൽ ആന മദപ്പാടിലായിരുന്നു.

മദ കാലം കഴിഞ്ഞതോടെ ഒരു മാസം മുൻപേ ആനയെ അഴിക്കാമെന്ന് ഡോക്ടർമാർ നിർദേശം നൽകിയിരുന്നു. എന്നാൽ കുറച്ച് കാലം കഴിഞ്ഞ് ഇന്നലെയാണ് ആനയെ അഴിച്ചത്. ആനയെ നടത്തുന്നതിനിടെ അക്രമാസക്തനാവുകയായിരുന്നു. പുറത്തുണ്ടായിരുന്ന രണ്ടാം പാപ്പാനെ തുമ്പിക്കൈ കൊണ്ട് വലിച്ച് താഴെയിടുകയും ചവിട്ടുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ സുനിൽ കുമാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

 

ആന റോഡിലേക്ക് ഇറങ്ങി നടന്നതോടെ ആനയെ തളക്കാനായി സമീപ ക്ഷേത്രങ്ങളിലെ ആന പാപ്പാന്മാർ എല്ലാം എത്തിയിരുന്നു. ഇവരുടെ കൂടെയെത്തിയതായിരുന്നു മുരളീധരൻ എന്ന പാപ്പാൻ. മുരളീധരൻ നായരെ തുമ്പി കൈകൊണ്ട് വലിച്ച് താഴെയിട്ട് കുത്തുകയായിരുന്നു. അതീവ ഗുരുതരമായി പരുക്കേറ്റ മുരളീധരനെ തിരുവല്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണപ്പെട്ടു.  ആനയുടെ ഒന്നാം പാപ്പാനും സാരമായി പരുക്കേറ്റിരുന്നു. ഏറെ പരിശ്രമങ്ങൾക്ക് ശേഷമാണ് ആനയെ തളക്കാനായത്. പിന്നീട് വെറ്റിനറി ഡോക്ടർ എത്തി മയക്കുമരുന്ന് കുത്തിവെച്ച് ശാന്തനാക്കുകയായിരുന്നു.

Advertisements
Share news